കൊൽക്കത്ത: അടിയും തിരിച്ചടിയും! ഈഡൻ ഗാർഡൻസിൽ കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിന് എട്ടു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസെന്ന വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിൽ ഇരുടീമുകളും ചേർന്നെടുത്തത് 523 റൺസാണ്.
സ്കോർ: കൊൽക്കത്ത -20 ഓവറിൽ ആറു വിക്കറ്റിന് 261. പഞ്ചാബ് -18.4 ഓവറിൽ രണ്ടു വിക്കറ്റിന് 262. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് വിജയം പഞ്ചാബ് സ്വന്തമാക്കിയത്. താരം 48 പന്തിൽ 108 റൺസെടുത്തു. ഒമ്പത് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി. 28 പന്തിൽ 68 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു.
എട്ടു സിക്സും രണ്ടു ഫോറുമാണ് താരം നേടിയത്. 20 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 54 റൺസെടുത്ത പ്രഭ്സിമ്രാൻ റണ്ണൗട്ടായി. കൊൽക്കത്തക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് ഓപ്പണർമാരായ പ്രഭ്സിമ്രാനും ബെയർസ്റ്റോയും ബാറ്റിങ് തുടങ്ങിയത്. പവർ പ്ലെയിൽ ഇരുവരും 76 റൺസെടുത്തു. 93 റൺസായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്. റില്ലി റൂസോ 16 പന്തിൽ 26 റൺസെടുത്ത് മടങ്ങി. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.