ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നടക്കുന്ന ഇലക്ഷന്‍ ക്വിസ് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരം അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ട മത്സരമാണ് കണ്ണൂരില്‍ തുടക്കമായത്. കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലും വരുംദിവസങ്ങളില്‍ മത്സരം നടക്കും. റിട്ട. അധ്യാപകന്‍ മൗവ്വേരി സ്വദേശി വി പി അനില്‍കുമാര്‍, കമ്പല്ലൂര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ആലമ്പടമ്പ് സ്വദേശി കെ വി രക്‌നാകരന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും കിഴുന്ന സ്വദേശി വിമുക്ത ഭടന്‍ ടി മോഹന്‍ദാസ്, പി എസ് സി ഓഫീസര്‍ മട്ടന്നൂര്‍ സ്വദേശി എന്‍ ജി ജനീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും മടിക്കൈ സ്വദേശി വി സുധീഷ്, റിട്ട. റവന്യു വകുപ്പ് ഓഫീസര്‍ കെ പ്രകാശന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ സമ്മാന തുക ലഭിക്കും. ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭ, നിയമസഭ), ഇന്ത്യന്‍ രാഷ്ടീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യങ്ങള്‍. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 23 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. എം ജി യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ ടെനിന്‍ സൈമണ്‍ ക്വിസ് മാസ്റ്ററായി. പരിപാടിയില്‍ സ്വീപ് അസി. നോഡല്‍ ഓഫീസര്‍ സാജന്‍ സി വര്‍ഗീസ്, കണ്ണൂര്‍ മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ പ്രമോദ് പുല്ലാഞ്ഞിക്കാട്ടില്‍, സ്വീപ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയിച്ചവര്‍ തിരുവനന്തപുരത്ത് നടക്കുന്ന മെഗാഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.
സ്വീപ് ഇലക്ഷന്‍ ക്വിസിന് കണ്ണൂരില്‍ തുടക്കം
