ടി.പി വധക്കേസിൽ വധശിക്ഷയില്ല; രണ്ടുപേർക്ക് കൂടി ജീവപര്യന്തം, ആറുപ്രതികൾക്ക് 2044 വരെ ഇളവില്ല

kpaonlinenews
By kpaonlinenews 1

ടി പി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
കേസിലെ ഒന്നാം പ്രതിയായ എം സി അനൂപ് ഉള്‍പ്പെടെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. സിജിത്തിൻ്റെ ജീവപര്യന്തം ശിക്ഷ അതുപോലെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. കൊലപാതക ഗൂഡാലോചനയില്‍
കുറ്റക്കാരാണെന്ന് പുതുതായി ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി സി പി എം മുൻ
ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍,12ാം പ്രതി
സി പി എം കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെയും ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.
ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവര്‍.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന്‍ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്), കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കി കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് പരമാര്‍ശം. ജയിലില്‍ വെച്ച് അടി ഉണ്ടാക്കിയ ആളുകള്‍ക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു.
അതേസമയം രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെകെ രമയുടെ ആവശ്യം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നല്‍കാതിരിക്കാന്‍ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതികളുടെ വാദം. അതേസമയം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം, പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിയിട്ടുണ്ട്.

Share This Article
error: Content is protected !!