വോട്ടര്‍പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ വെട്ടുന്നുപിന്നില്‍ ഭരണകക്ഷി- ഉദ്യോഗസ്ഥ കോക്കസ്: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Kannadiparamba online news

കണ്ണൂര്‍: അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കം ചെയ്യുന്ന പ്രക്രിയ നിര്‍ബാധം തുടരുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മറ്റു ജില്ലകളിലും, അയല്‍ സംസ്ഥാനങ്ങളിലും ജോലിയാവശ്യാര്‍ത്ഥം പോയവരുടേയും വിവാഹിതരായി വീടു മാറിയവരുടേയുമൊക്കെ പേരുകളാണ് ഹിയറിംഗിനു പോലും അവസരം കൊടുക്കാതെ തള്ളുന്നത്. ഭരണകക്ഷി അനുഭാവമില്ലാത്ത അമ്പതാളുകളുടെയെങ്കിലും വോട്ടുകള്‍ ഓരോ ബൂത്തില്‍ നിന്നും തള്ളാനാണ് സിപിഎം നേതൃത്വം അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മ്മടത്തും തൊട്ടടുത്ത് തലശേരി മണ്ഡലത്തിലുമൊക്കെ നൂറു കണക്കിനാളുകളുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നു നീക്കിയിട്ടുണ്ട്.
ജനുവരി 22ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതാണ്. മരിച്ചു പോയവരുടേയോ വിദേശത്തേക്ക് പോയവരുടേയോ അല്ലാതെ മറ്റാരുടേയും പേര് ഇതില്‍ നിന്നും നീക്കാന്‍ പാടില്ല. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരൊഴിവാക്കുന്നത് തുടരുകയാണ്. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. പേര് ഒഴിവാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കുന്നതിന് ഹിയറിംഗിനു ഹാജരാകാനുള്ള കത്ത് പലര്‍ക്കും ലഭിക്കുന്നത് ഹിയറിംഗ് ദിവസം കഴിഞ്ഞ ശേഷമാണ്. സ്ഥലത്തുള്ളവരാണെന്ന് ബി.എല്‍.ഒ റിപ്പോര്‍ട്ട് നല്‍കിയാല്‍ പോലും ഹിയറിംഗിനു ഹാജരായില്ലെന്ന കാരണത്താല്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കുകയും ചെയ്യും. ഇംഗ്ലീഷിലുള്ള നോട്ടീസ് സമയത്തു ലഭിച്ചാല്‍ തന്നെ സാധാരണക്കാരായ ആളുകള്‍ക്ക് ഇതെന്താണെന്ന് മനസിലാവില്ല. അടുത്തിടെ വിവാഹം കഴി്ഞ്ഞവരുടെയൊക്കെ വോട്ട് ഇത്തരത്തില്‍ തള്ളിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. പലരും വോട്ടര്‍പട്ടികയില്‍ നിന്ന് അവരുടെ പേര് ഒഴിവാക്കിയത് അറിഞ്ഞിട്ടു പോലുമില്ല. ബംഗ്ലുരുവിലും ഹൈദരബാദിലുമൊക്കെ ജോലി ആവശ്യാര്‍ത്ഥമുള്ളവരുടെ വോട്ടൊക്കെ തള്ളിയിട്ടുണ്ട്. ഇവരൊക്കെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരാണ്.ജനങ്ങളുടെ സമ്മതിദാനാവകാശം നിഷേധിക്കുന്ന ഇടത്- ഉദ്യോഗസ്ഥ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവത്തോടെ ഇടപെടണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!