പയ്യന്നൂർ.
ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “തണലൊരുക്കം യുവതയുടെ കരുതലിൽ’ എന്ന പദ്ധതി യാഥാർത്ഥ്യമായി. ബ്ലോക്ക് പരിധിയിലെ മൂന്ന് നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ പയ്യന്നൂർ ഷേണായി സ്ക്വയറിൽ 26ന് വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് കൈമാറും. ടി. ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷനാകും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്, എം.വിജിൻ എം.എൽ.എ. ,സരിൻ ശശി, പി.സന്തോഷ് എന്നിവർ സംബന്ധിക്കും. ബ്ലോക്കിലെ15 മേഖലകളിലായി 254 യൂണിറ്റുകളിലുള്ള 3500 ഓളം വീടുകളിൽ നൽകിയ സമ്പാദ്യ കുടുക്കകളിൽ നിക്ഷേപിച്ച സ്‌നേഹത്തുട്ടുകളാണ് തണലൊരുക്കത്തിന്റെ മൂലധനം.
കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. 2023 ജൂൺ12ന് ടി ഐ മധുസൂദനൻ എംഎൽഎ, ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം വസീഫ് എന്നിവർ വീടുകളുടെ തറക്കല്ലിടൽ നിർവ്വഹിച്ചു.
രാമന്തളി കുന്നരുവിലെ ചാക്യാർ മഠത്തിൽ ഉഷയുടെ കുടുംബത്തിന് നീലകരച്ചാലിലെ പുതുമന വളപ്പിൽ മണികണ്ഠൻ സൗജന്യമായി നൽകിയ അഞ്ച് സെൻ്റ് ഭൂമിയിലും തായിനേരിയിലെ ഒ പി അമ്പുവിന് സിപിഐ എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി തായിനേരി കോടിയേരി സ്‌മാരക മന്ദിരത്തിന് സമീപം വില കൊടുത്തു വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലത്തും കരിവെള്ളൂർ കുണിയനിൽ കെ. ദിവ്യക്കുമാണ് വീട് നിർമ്മിച്ചത്. മൂന്നിടങ്ങളിലും ഒരേ ദിവസം തറക്കല്ലിടുകയും ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു. ഡിസൈനർ ബിൽഡേഴ്സിലെ പി വി വൈശാഖാണ് സൗജന്യമായി മൂന്ന് വീടുകളുടെയും നിർമ്മാണ മേൽനോട്ടം നിർവഹിച്ചത്. വാർത്ത സമ്മേളനത്തിൽ പി പി അനിഷ, വി. കെ. നിഷാദ്, സി വി രഹിനേജ്, സി. ഷിജിൽ, ടി. സി. വി. നന്ദകുമാർ, കെ. മനുരാജ് എന്നിവർ പങ്കെടുത്തു.
“തണലൊരുക്കം” ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന മൂന്നു വീടുകളുടെ താക്കോൽദാനം 26ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
