സംസ്ഥാനത്തെ നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ ഈ വര്‍ഷം തന്നെ പുനരാംരഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. കണ്ണൂര്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള മണല്‍ വാരല്‍ നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ അധ്യക്ഷരാക്കിയുള്ള കടവ് കമ്മിറ്റികളെ പുന:സംഘടിപ്പിച്ചാണ് മണല്‍ വാരല്‍ പുനരാരംഭിക്കുക.
സുപ്രീംകോടതി വിധിയുടേയും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനങ്ങളുടേയും ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയുടേയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. സംസ്ഥാനത്തെ 32 നദികളില്‍ നടത്തിയ സാന്റ് ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ എട്ട് ജില്ലകളിലാണ് മണല്‍ ഖനന സാധ്യതകളുള്ള സൈറ്റുകള്‍ കണ്ടെത്തിയത്. കോഴിക്കോട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ സാധ്യതയുള്ള സൈറ്റുകള്‍ ഇല്ല. മലപ്പുറം ജില്ലയുടെ ഡിസ്ട്രിക്ട് സര്‍വ്വേ റിപ്പോര്‍ട്ടിന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസ്സസ്മെന്റ് അതോറിറ്റി അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കടലുണ്ടി, ചാലിയാര്‍ എന്നീ നദികളിലെ മണല്‍ ഖനനം ആരംഭിക്കും. മണല്‍ വാരല്‍ പുനരാരംഭിക്കുമ്പോള്‍ കേരളത്തിലെ പുഴകളെ സംരക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തെ മണലിന്റെ ദൗര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാനാവുമെന്നും ഏറ്റവും സുതാര്യമായ രീതിയിലായിരിക്കും മണല്‍ വിതരണമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

