കേപ്ടൗണ്‍ – ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെറും ഒന്നര ദിവസം കൊണ്ട് ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു. ഇതോടെ രണ്ടു മത്സര പരമ്പര 1-1 സമനിലയായി. അയ്ദന്‍ മാര്‍ക്റമിന്റെ ഐതിഹാസിക ചെറുത്തുനില്പ് അതിജീവിച്ചാണ് രണ്ടാം ദിവസം ലഞ്ചിനു ശേഷം ഇന്ത്യ വിജയം നേടിയത്. ജയിക്കാന്‍ വേണ്ട 79 റണ്‍സ് വെറും പന്ത്രണ്ടോവറില്‍ ഇന്ത്യ അടിച്ചെടുത്തു. ഓപണര്‍ യശസ്വി ജയ്സ്വാളും (28) ശുഭ്മന്‍ ഗില്ലും (10) പുറത്തായത്. മുന്‍ നായകന് വിരാട് കോലിയുമാണ് (12) പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (17 നോട്ടൗട്ട്) ശ്രേയസ് അയ്യര്‍ (4 നോട്ടൗട്ട്) ബൗണ്ടറിയോടെ വിജയം പൂര്‍ത്തിയാക്കി. 146 വര്‍ഷവും 2500ലേറെ മത്സരങ്ങളും നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ചെറിയ ടെസ്റ്റാണ് ഇത്. 642 പന്തില്‍ മത്സരം പൂര്‍ത്തിയായി.
ബാറ്റിംഗ് അതീവദുഷ്കരമായ പിച്ചില്‍ സെന്‍സേഷനല്‍ സെഞ്ചുറിയോടെ മാര്‍ക്റം ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഓപണറുടെ പ്രതിരോധം അവസാനം മുഹമ്മദ് സിറാജ് അവസാനിപ്പിച്ചതോടെയാണ് ഇന്ത്യക്ക് വിജയത്തിലേക്ക് വഴി തുറന്നത്. ജസ്പ്രീത് ബുംറ 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്ക 176 ന് രണ്ടാം ഇന്നിംഗ്സില്‍ ഓളൗട്ടായി. ദക്ഷിണാഫ്രിക്ക 50 റണ്‍സ് കൂടി നേടിയിരുന്നുവെങ്കില്‍ ഇന്ത്യക്ക് ചെയ്സ് പ്രയാസമായേനേ. ന്യൂലാന്റ്സില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ വിജയമാണ് ഇത്. 2013-14 നു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളില്‍ ഒരു ടെസ്റ്റെങ്കിലും ജയിച്ചുവെന്ന റെക്കോര്‍ഡ് ടീം നിലനിര്‍ത്തി. എന്നാല്‍ ഇന്ത്യക്ക് പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഏക ടെസ്റ്റ് രാജ്യമായി ദക്ഷിണാഫ്രിക്ക തുടരും.
മറ്റു ബാറ്റര്‍മാര്‍ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പ്രയാസപ്പെട്ട ന്യൂലാന്റ്സിലെ പിച്ചില്‍ സെഞ്ചുറിയടിച്ച ഓപണര്‍ അയ്ദന്‍ മാര്‍ക്റമാണ് ഇന്നിംഗ്സ് പരാജയത്തില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. മറുവശത്ത് നിരന്തരം വിക്കറ്റ് നിലംപൊത്തിയെങ്കിലും 99 പന്തില്‍ രണ്ട് സിക്സറും 16 ബൗണ്ടറിയും സഹിതം മാര്‍ക്റം സെഞ്ചുറിയിലെത്തി. അധികം വൈകാതെ ഓപണറുടെ ചെറുത്തുനില്പ് മുഹമ്മദ് സിറാജ് അവസാനിപ്പിച്ചു. 103 പന്തില്‍ മാര്‍ക്റം 106 റണ്‍സെടുത്തു. എട്ടാമനായാണ് പുറത്തായത്.
ജസ്പ്രീത് ബുംറയെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയാണ് മാര്‍ക്റം സെഞ്ചുറി പിന്നിട്ടത്. 73 ലുള്ളപ്പോള്‍ ബുംറയുടെ തന്നെ പന്തില്‍ മാര്‍ക്റം അനുവദിച്ച ക്യാച്ച് വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ കൈവിട്ടിരുന്നു. മാര്‍ക്റമും കഗീസൊ റബാദയും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 51 റണ്‍സില്‍ രണ്ട് റണ്‍സാണ് റബാദയുടെ സംഭാവന. മാര്‍ക്റം പുറത്തായതിന് പിന്നാലെ ഒരു റണ്‍പോലും ചേര്‍ക്കും മുമ്പെ റബാദയും മടങ്ങി. ലുന്‍ഗി എന്‍ഗീഡിയെ പുറത്താക്കി ബുംറ ഇന്നിംഗ്സ് അവസാനിപ്പിച്ചു. പ്രസിദ്ധ് കൃഷ്ണക്കും സിറാജിനും ഓരോ വിക്കറ്റും മുകേഷ്കുമാറിന് രണ്ടു വിക്കറ്റും ലഭിച്ചു.
രണ്ടാം ദിനം മൂന്നിന് 62 ലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് പുനരാരംഭിച്ചത്. നാല് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഡേവിഡ് ബെഡിംഗാമിനെ (11) ബുംറ പുറത്താക്കി. കയ്ല് വരെയ്നെ (9), മാര്‍ക്കൊ യാന്സന് (11), കേശവ് മഹാരാജ് (3) എന്നിവരെയും പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് തികച്ചു. മുകേഷ് കുമാര്‍ ആദ്യ ദിനം രണ്ടു വിക്കറ്റെടുത്തിരുന്നു.
ആദ്യ ദിനം ചരിത്രമായി. 23 വിക്കറ്റുകള്‍ നിലംപതിച്ചു. മുഹമ്മദ് സിറാജ് 15 റണ്‍സിന് ആറു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55ന് ഓളൗട്ടാക്കി. മറുപടിയായി ഇന്ത്യ നാലിന് 153ലെത്തി. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ 11 പന്തിനിടെ ആറ് വിക്കറ്റ് നഷ്ടമായി. ഇത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ഇന്ത്യന്‍ ഇന്നിംഗ്സിലെ ആറ് ഡക്കും റെക്കോര്‍ഡിനൊപ്പമെത്തുന്ന നാണക്കേടാണ്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ 36 റണ്‍സ് കൂടി നേടണം. തന്റെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഡീന്‍ എല്‍ഗര്‍ ഒരേ ദിനം രണ്ടു തവണ പുറത്തായി. ടോണി ഡിസോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരും ഒരു ദിവസം രണ്ടു തവണ ഔട്ടായി. സംഭവബഹുലമായ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അയ്ദന്‍ മാര്‍ക്റമും (36 നോട്ടൗട്ട്) ഡേവിഡ് ബെഡിംഗാമുമായിരുന്നു (7 നോട്ടൗട്ട്) ക്രീസില്‍.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിനെക്കാള്‍ വിക്കറ്റുകള്‍ നിലംപതിച്ച നാല് ദിനങ്ങളേ ഉണ്ടായിട്ടുള്ളൂ. 2018ല്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന് ടെസ്റ്റിന്റെ രണ്ടാം ദിനം 24 വിക്കറ്റ് നിലംപൊത്തിയിരുന്നു. 1888ല്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ ടെസ്റ്റിന്റെ ആദ്യ ദിനം 27 വിക്കറ്റ് വീണതാണ് റെക്കോര്‍ഡ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

