റിയാദ്/കേരളം: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കേരളം. ശിക്ഷാ കാലാവധി പൂർത്തിയായാലുടൻ അദ്ദേഹത്തെ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാളവധിക്ക് മുമ്പ് തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന വലിയ പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവരും കുടുംബവും.
റഹീമിൻ്റെ മോചനത്തിനായി ദിയാധനം (ബ്ലഡ് മണി) കണ്ടെത്താൻ കേരളം നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. പണം കെട്ടിവെച്ചെങ്കിലും പിന്നീട് നിയമ നടപടിക്രമങ്ങൾ നീളുകയായിരുന്നു. അതിനിടെ, ശിക്ഷാ കാലയളവ് ലഘൂകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും നടന്നു. ഒടുവിൽ ഇരുപതാം തിയതിയോടെ ശിക്ഷാ കാലാവധി പൂർത്തിയാവുകയാണ്.
പെരുന്നാൾ അവധി നിർണായകം
പുറത്തിറങ്ങിയാലുടൻ പ്രത്യേക ചാനലിലൂടെ റഹീമിനെ ഡീപോർട്ട് ചെയ്യാനാണ് തീരുമാനം. വൈകലുണ്ടാകാതിരിക്കാൻ യാത്ര ചെയ്യാനുള്ള ഔട്ട്പാസ് ഉൾപ്പടെയുള്ള രേഖകൾ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയും തങ്ങളുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നത് വൈകാതിരിക്കാൻ അനുകൂലമായ സമീപനം അധികൃതരിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനായി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇനിയുള്ള രണ്ട് ദിവസത്തിനകം നടപടികൾ പൂർത്തിയായില്ലെങ്കിൽ മോചനം വീണ്ടും നീളാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച്ചയോടെ സൗദി അറേബ്യ പെരുന്നാളിന്റെ നീണ്ട അവധിയിലേക്ക് കടക്കും. അതിന് മുൻപ് നടപടികൾ പൂർത്തിയായില്ലെങ്കിൽ, അവധിക്ക് ശേഷമേ പിന്നീട് റഹീമിന് നാടണയാനാകൂ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

