കണ്ണൂരിൽ പോരാട്ടമുറപ്പിക്കാൻ എൽ.ഡി.എഫ്; 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

Kannadiparamba online news

കണ്ണൂർ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഔദ്യോഗിക വിവരങ്ങൾ താഴെ നൽകുന്നു:

1. ധർമടം: പിണറായി വിജയൻ (81) – സി.പി.എം

• കഴിഞ്ഞ 10 വർഷമായി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിയാണ് ഇദ്ദേഹം.

• തുടർഭരണത്തിനായി മൂന്നാം തവണയാണ് ധർമടത്ത് നിന്നും ജനവിധി തേടുന്നത്.

• സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്.

• കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

• അടിയന്തരാവസ്ഥ കാലത്ത് 18 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.

• 1970-ൽ 26-ാം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1977-ലും 1991-ലും കൂത്തുപറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിൽ നിന്നും ജയിച്ചു.

• 2016 മുതൽ ധർമടം മണ്ഡലത്തിലെ നിയമസഭാംഗമാണ്.

• 1996 മുതൽ 1998 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

• കുടുംബം: ഭാര്യ: ടി. കമല. മക്കൾ: വിവേക് കിരൺ, വീണാ വിജയൻ.

2. കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി (81) – കോൺഗ്രസ് (എസ്)

• തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവപരിചയമുണ്ട്.

• കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റാണ്.

• ആദ്യ പിണറായി മന്ത്രിസഭയിൽ 5 കൊല്ലവും രണ്ടാം സർക്കാരിൽ 2.5 കൊല്ലവും തുറമുഖ-പുരാവസ്തു-പുരാരേഖ മന്ത്രിയായി. വി.എസ് മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്നു.

• കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തി. നിയമ വിദ്യാർത്ഥിയായിരിക്കെ 1971-ലും 1977-ലും കാസർഗോഡിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചു.

• 1980-ൽ ഇരിക്കൂറിൽ നിന്നും 2006-ൽ എടക്കാട് നിന്നും എം.എൽ.എ ആയി. 2016 മുതൽ കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

• കണ്ണൂർ ചെമ്പിലോട് പഞ്ചായത്തിലെ തണ്ടയിലിൽ ജനനം. താമസം തോട്ടടയിൽ.

• കുടുംബം: ഭാര്യ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക). മകൻ: പി.വി. മിഥുൻ.

3. അഴീക്കോട്: കെ.വി. സുമേഷ് (48) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുമേഷിന് അഴീക്കോട് മണ്ഡലത്തിൽ നിന്നും രണ്ടാം അങ്കം.

• ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി.

• കണ്ണൂർ സർവ്വകലാശാലാ സെനറ്റ് അംഗമായിരുന്നു. ഇക്കണോമിക്സിൽ ബിരുദവും നിയമ ബിരുദവും നേടി.

• ഹാൻവീവ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റും ഫുട്‌വെയർ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്.

• 2000-ൽ ചെങ്ങളായി പഞ്ചായത്ത് അംഗമായി. 2015-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.

• കുടുംബം: ഭാര്യ: രേണുക. മക്കൾ: അളകനന്ദ, ആരുഷ് ഗോവിന്ദ്.

4. പയ്യന്നൂർ: ടി.ഐ. മധുസൂദനൻ (66) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഇദ്ദേഹം പയ്യന്നൂരിൽ നിന്നും രണ്ടാം തവണയാണ് ജനവിധി തേടുന്നത്.

• ബി.എ ബിരുദധാരിയാണ് ഇദ്ദേഹം.

• ബാലസംഘം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

• കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റും കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗവുമാണ്.

• കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം, കേരള ഫോക്ലോർ അക്കാദമി ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

• കുടുംബം: ഭാര്യ: ആർ.ഇ. ശ്രീവത്സ (സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ). മകൾ: നിരഞ്ജന മധുസൂദനൻ.

5. തളിപ്പറമ്പ്: പി.കെ. ശ്യാമള (66) – സി.പി.എം

• മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്.

• എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

• 1995-ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2000-ൽ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷയായി. 2015 ൽ ആന്തൂർ നഗരസഭ രൂപീകരിച്ചപ്പോൾ അധ്യക്ഷയായി.

• മൊറാഴ സെൻട്രൽ യു.പി സ്കൂളിൽ അധ്യാപികയായിരുന്നു. ഇരിട്ടി ഉളിയിൽ സ്വദേശിയാണ്.

• കുടുംബം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആണ് ഭർത്താവ്. മക്കൾ: ശ്യാംജിത്ത്, അഡ്വ. രഞ്ജിത്ത്.

6. കല്യാശ്ശേരി: എം. വിജിൻ (37) – സി.പി.എം

• കല്യാശ്ശേരി മണ്ഡലത്തിൽ നിന്നും രണ്ടാം തവണ ജനവിധി തേടുന്നു.

• നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്.

• മണ്ഡലത്തിലെ എടാട്ട് സ്വദേശി. ബിരുദാനന്തര ബിരുദധാരി.

• ബാലസംഘം യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കം. ബാലസംഘം സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

• കുടുംബം: ഭാര്യ: അശ്വതി (അധ്യാപിക, വെള്ളോറ ടാഗോർ എച്ച്.എസ്). മകൻ: നെയ്തൽ (ഒന്നാം ക്ലാസ് വിദ്യാർത്ഥി).

7. മട്ടന്നൂർ: വി.കെ. സനോജ് (42) – സി.പി.എം

• നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന വി.കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോ.സെക്രട്ടറിയുമാണ്.

• മാലൂർ സ്വദേശിയായ സനോജ് ബിരുദാനന്തര ബിരുദധാരിയാണ്.

• സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു.

• മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂൾ സൊസൈറ്റി സെക്രട്ടറിയും സ്കൂൾ മാനേജരുമാണ്.

• എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു.

• കുടുംബം: ഭാര്യ: ജസ്ന ജയരാജ്. മകൻ: ഏഥൻ സാൻജേസ്.

8. പേരാവൂർ: കെ.കെ. ശൈലജ (70) – സി.പി.എം

• സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിൽ മട്ടന്നൂർ മണ്ഡലം എം.എൽ.എയുമാണ്.

• ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ, സാമൂഹ്യനീതി, ശിശുക്ഷേമ മന്ത്രിയായിരുന്നു.

• 1996, 2006, 2016, 2021 കാലയളവുകളിൽ എം.എൽ.എ ആയി.

• എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

• ശിവപുരം ഹൈസ്കൂൾ അധ്യാപികയായിരിക്കെ 2004-ൽ സ്വയം വിരമിച്ചു.

• ഇരിട്ടി മാടത്തിൽ സ്വദേശിനിയാണ്. ഇപ്പോൾ മട്ടന്നൂർ ഉരുവച്ചാലിലാണ് താമസം.

• കുടുംബം: ഭർത്താവ്: കെ. ഭാസ്കരൻ (മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ). മക്കൾ: ശോഭിത്ത്, ലസിത്ത്.

9. തലശ്ശേരി: കാരായി രാജൻ (66) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും റബ്കോ ചെയർമാനുമായ കാരായി രാജൻ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നു.

• മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

• 2015-ൽ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനിൽ നിന്നും 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യനിബന്ധന പ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് 6 മാസത്തിനിടയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു.

• ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

• കതിരൂർ പുല്ലോയോട് സി.എച്ച് നഗർ സ്വദേശിയാണ്.

• കുടുംബം: ഭാര്യ: സി.കെ. രമ. മക്കൾ: മേഘ കാരായി, അഭിജിത്ത് സഫ്ദർ.

ഇരിക്കൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!