കണ്ണാടിപറമ്പ ഓൺലൈൻ ✍️
നാറാത്ത്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിലെ പൊതുയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. 2025 ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ദേശസേവ സ്കൂൾ പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ. മുസ്തഫ, വാക്കിംഗ് ക്ലബ്ബ് അംഗങ്ങൾ , പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ.ജിയും ചടങ്ങിൽ സംബന്ധിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ശുചീകരണത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജനകീയ ഇടപെടൽ പ്രദേശത്തെ പൊതുയിടങ്ങൾ ശുചിത്വം പാലിക്കുന്നതിൽ വലിയ സഹായമായെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.
പൊതു സ്ഥലം ശുചിത്വം പരിരക്ഷിക്കുന്നതിന് വ്യാപാരി സമൂഹവും സജീവമായി മുന്നോട്ട് വരണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ വഴികളിലും ചുറ്റുപാടുകളിലും മാലിന്യം അവഗണിക്കാതെ കൃത്യമായി കൈകാര്യം ചെയ്യണമെന്നും പൊതുജനത്തോടെ ചേർന്ന് ശുചിത്വ സംരക്ഷണത്തിൽ പങ്കാളികളാകണമെന്നും ഓർമ്മിപ്പിച്ചു.