കണ്ണൂർ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിക്കുകയുമായിരുന്നു. മറ്റൊരു സ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍റെ പാദപൂജയാണ് നടത്തിയത്. വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
അതേസമയം, കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. സ്കൂളില്‍ നടന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർഥികൾ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകൾ നടന്നത്.