കണ്ണാടിപ്പറമ്പ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കണ്ണാടിപ്പറമ്പിൽ നടന്ന വിചിത്ര സൈക്കിൾ മോഷണ പരമ്പരയിൽ പരാതിയുമായി കൂടുതൽ പേർ. ‘കണ്ണാടിപ്പറമ്പ ഓൺലൈൻ’ ഇതു വാർത്തയാക്കിയതോടെയാണ് പള്ളിപ്പറമ്പ സ്വദേശി പരാതിയുമായി രംഗത്തെത്തിയത്. ആദ്യമായി മോഷണം പോയ വാരംറോഡ് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന എൻ.വി ലതീഷിന്റെ വീട്ടിൽ ഉണ്ടായിരുന്ന ബേബി പിങ്ക് നിറത്തിലുള്ള സൈക്കിൾ പള്ളിപ്പറമ്പിലെ ഫാരിസിന്റെ വീട്ടിൽ കണ്ടെത്തിയതായി പ്രദേശവാസി പറഞ്ഞു. എന്നാൽ, ഫാരിസിന്റെ വീട്ടിലെ സൈക്കിൾ മോഷണം പോയ രീതിയിലുമാണ്. ഇതുവരെയുള്ള മോഷണ സ്വഭാവം അനുസരിച്ച് മോഷ്ടാവ് ഇത് മറ്റൊരു വീട്ടിൽ കൊണ്ടുവയ്ക്കാനാണ് സാധ്യത. പ്രസ്തുത മോഷണം സംബന്ധിച്ച് പൊലീസിൽ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഫാരിസിന്റെ കുടുംബം.
വേറിട്ട സൈക്കിൾ മോഷണം നാട്ടുകാരെ ഒന്നാകെ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്. ഇതുവരെ നാല് വീടുകളിലെ സൈക്കിളുകൾ ആണ് മോഷണം പോയിട്ടുള്ളത്. ലതീഷിന്റെ പരാതിയിൽ മയ്യിൽ പൊലീസ് ഇതിനകം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി സമൂഹത്തിനെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമായി കണ്ട് കുറ്റവാളികളെ കണ്ടെത്തെണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
