ആത്മഹത്യ ചെയ്ത കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്‍റെ അപമാനിക്കാനായി യാത്രയയപ്പ് യോഗത്തിൽ എത്താൻ സി.പി.എം നേതാനും കണ്ണൂർ ജില്ല പഞ്ചായത്ത മുൻ പ്രസിഡന്‍റുമായി പി.പി. ദിവ്യ ആസൂത്രിത ശ്രമം നടത്തിയെന്ന് മൊഴി. യാത്രയയപ്പ് യോഗത്തിന് മുമ്പ് നാലു തവണ ദിവ്യ ജില്ല കലക്ടറുടെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതായി നവീൻ ബാബുവിന്‍റെ മരണത്തെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്‍റ് കമീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വഴിയെ പോകവെ പങ്കെടുക്കാൻ എത്തിയതെന്നാണ് യാത്രയയപ്പ് യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ദിവ്യ പറഞ്ഞിരുന്നത്. പെട്രോൾ പമ്പിന് അനുമതി കിട്ടാനായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും ലാൻഡ് റവന്യു ജോയിന്‍റ് കമീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2024 ഒക്ടോബർ 14ന് നടന്ന യാത്രയയപ്പിൽ നവീൻ ബാബുവിനെ പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചത് കരുതികൂട്ടിയാണെന്നാണ് റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് നിശ്ചയിച്ചത് ഒക്ടോബർ 11നാണ്. അന്ന് അവധി പ്രഖ്യാപിച്ചതിനാൽ പരിപാടി മാറ്റിവെച്ചു.
ആ ദിവസം ദിവ്യ പല തവണ കലക്ടർ അരുൺ കെ. വിജയനെ പല തവണ വിളിച്ചു. രാത്രിയിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ കലക്ടറുടെ സ്റ്റാഫിനെതിരെ പ്രധാനപ്പെട്ട വിവരം പങ്കുവെക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി അരുൺ കെ. വിജയനും മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14ന് രാവിലെ എസ്.സി.എ.ടി വകുപ്പിന്‍റെ പരിപാടിക്കിടെ കലക്ടറോട് ദിവ്യ എ.ഡി.എം നവീൻ ബാബുവിനെ കുറിച്ച് ആരോപണം ഉന്നയിച്ചു. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് മനപൂർവം കാലതാമസം വരുത്തിയെന്ന് വിവരമുണ്ടെന്ന് അറിയിച്ചു. പരാതി തരാനാവശ്യപ്പെട്ടാൽ തന്‍റെ കൈയ്യിൽ തെളിവില്ലെന്നും എന്നാൽ, വിഷയം വിടില്ലെന്നും ദിവ്യ പറഞ്ഞതായി കലക്ടർ പറഞ്ഞു.
14ന് ഉച്ചയോടെ നാലു തവണ ദിവ്യയുടെ സഹായി കലക്ടറുടെ സ്ഥാഫിനെ ഫോണിൽ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. തുടർന്ന് ദിവ്യ നേരിട്ട് കലക്ടറെ വിളിച്ച് വരുമെന്ന് അറിയിച്ചു. നവീൻ ബാബുവിനെതിരെ ആരോപണം പറയാനാണെങ്കിൽ ഇതല്ല ഉചിത സമയമല്ലെന്ന് കലക്ടർ പറഞ്ഞു. എന്നാൽ, ദിവ്യ യോഗത്തിലെത്തി.
യാത്രയയപ്പ് യോഗത്തിന് ശേഷം വൈകിട്ട് കലക്ടറെ വിളിച്ച ദിവ്യ, നവീൻ ബാബുവിനെതിരെ സർക്കാറിന് പരാതി കിട്ടിയിട്ടുണ്ടെന്നും അടിയന്തര അന്വേഷണം ഉണ്ടാകുമെന്നും വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ ദിവ്യ ആവശ്യപ്പെട്ടതായും വിഡിയോ കൈപ്പറ്റിയെന്നും കണ്ണൂർ വിഷൻ പ്രതിനിധികളും മൊഴി നൽകി. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് യോഗം പകർത്താൻ എത്തിയതെന്നും യോഗത്തിന് ശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വിഡിയോ കൈമാറിയെന്നും മൊഴിയിൽ പറയുന്നു.