മയ്യില്‍: ആശയിലെ പാട്ടുകെട്ടി ഞാറ്റുവൊന്ന് നട്ടു വെച്ച് വാ പൂവാലി… വാ. വാാ. പാടലയേ.. നാ താ പാത വെച്ചേ… മയ്യില്‍ താഴെ പാടശേഖരത്തിലെ ചാറ്റല്‍ മഴയെ കൂസാതെ അവര്‍ പാടി പാടി ഞാറ് നട്ടു തീര്‍ക്കുകയാണ്, ഏക്കറു കണക്കിന് വയലുകള്‍. തമിഴ് നാട്ടിലെ സേലത്തു നിന്നെത്തിയ ജി. കനകരാജിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് നാട്ടിപണികള്‍ തകൃതിയായേറ്റെടുത്തത്. ഏക്കറിന് ഏഴായിരം രൂപക്ക് കരാറെടുക്കുന്ന ഇവര്‍ മൂന്നേക്കറോളം നട്ടു തീര്‍ക്കും. ഇതോടെ ഒന്നാം വിള നെല്‍ക്കൃഷിക്ക് മടി കാണിച്ചിരുന്ന കര്‍ഷകര്‍ പുലരും മുമ്പേ വയലിലെത്തി ഒറ്റ ദിവസം കൊണ്ട് ഞാറ് നട്ട് തീര്‍ക്കുന്നവരെ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ്. 18 പാടശേഖരങ്ങളിലായി ഏകദേശം 550 ഏക്കറിലാണ് ഇക്കുറി നെല്‍ക്കൃഷി നടപ്പിലാക്കുന്നത്. മയ്യില്‍ കൃ,ി ഭവനിലൂടെ ലഭ്യമാക്കിയ ഉമ, പ്രത്യാശ വിത്താണ്് ഉപയോഗിക്കുന്നത്.
കാലാവസ്ഥയിലെ വ്യതിയാനവും പ്രതിസന്ധിയിലാക്കി.
മെയ് അവസാന വാരം മഴ പെയ്തതോടെ നേരത്തേ വിത്തിട്ട കര്‍ഷകര്‍ക്ക് പിന്നീടുണ്ടായ കടുത്ത ചൂടില്‍ വിത്ത് മുളക്കാതെ വന്നത് കൃഷി ഉപേക്ഷിക്കാനിടിയാക്കിയിരുന്നു. ഇപ്പോള്‍ ഞാറിന് ക്ഷാമം നേരിടുകയാണ്. ഇനി കൊയത്ത് കാലവും മഴ പെയ്യാനിടയായാല്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം ഉണ്ടാകാനിടയുണ്ട്.
ഇതു മൂലം രണ്ടാം വിള കൃഷി നടത്താനാണ് കര്‍ഷകര്‍ താല്‍പ്പര്യം കാണിക്കുന്നത്.
വേറിട്ട് അരയിടവും പെരുവങ്ങൂറും
പഞ്ചായത്തിലെ കടൂര്‍ അരയിടം, പെരുവങ്ങൂര്‍ പാടശേഖരത്തിലേക്ക് തമിഴ് സംഘത്തെ ഇതുവരെ അടുപ്പിക്കാതെ കര്‍ഷകര്‍. വിതയും,നാട്ടിയും കൊയ്ത്തും ഉല്‍സവമാക്കുന്ന വനിതാ സംഘങ്ങളും ഇവിടെ സജീവമാണ്.
ഒരു മീറ്റര്‍ സ്‌ക്വയര്‍ സ്ഥലത്ത് 45മുതല്‍ 50 വരെ നുരികള്‍ ഉണ്ടാകേണ്ടിടത്ത് തമിഴ് നാട്ടിലുള്ളവര്‍ കരാറെടുക്കുമ്പോള്‍ അത് 20 മുതല്‍ 25 വരെ ചുരുങ്ങും. ഇതു മൂലം ഉല്‍പ്പാദന ക്ഷമതയിലും കുറവുണ്ടാകും. കൃഷിയുടെ തുടക്കത്തില്‍ നേരിയ ലാഭമുണ്ടാകുമെന്നത് മാത്രമാണ് മെച്ചം.
ടി.കെ. ബാലകൃഷ്ണന്‍, സെക്രട്ടറി, അരയിടം പാടശേഖര സമിതി.
ശാസ്ത്രീയ പരിശീലനം ഒരുക്കണം.
കൃഷിപ്പണിക്കായി തമിഴ് നാട്ടില്‍ നിന്നെത്തുന്ന സംഘത്തിന് നടീല്‍ ആഴം, നുരികളുടെ അകലം, ചെരിവ് തുടങ്ങിയവയില്‍ ശാസ്ത്രീയ പരിശീലനം നല്‍കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ വിശാലമായ പാടത്തിലെ അതേ രീതികളാണിവിടെയും അവംലംബിക്കുന്നത്. ഇത് ഉല്‍പ്പാദന നഷ്ടത്തിനിടയാക്കും.
എസ്. പ്രമോദ്, കൃഷി ഓഫീസര്‍ മയ്യില്‍.