കണ്ണാടിപ്പറമ്പ്: ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ പുതുവെളിച്ചമേകി നാടിന്റെ ഗോപുരമായി തലയുയർത്തി നിൽക്കുന്ന കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന്റെ 147-ാം വാർഷികാഘോഷം വർണ്ണാഭമായി. ആഘോഷങ്ങളുടെ നിറവിനൊപ്പം, 36 വർഷത്തെ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന പ്രധാനാധ്യാപിക ഇ.ജെ. സുനിത ടീച്ചർക്ക് നാടും വിദ്യാലയവും ചേർന്ന് വൈകാരികമായ യാത്രായയപ്പും നൽകി.
വാർഷികാഘോഷ പരിപാടികൾ പ്രശസ്ത ശില്പിയും കേരള ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗവുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. കലയും വിദ്യാഭ്യാസവും സമന്വയിക്കേണ്ടതിന്റെ പ്രാധാന്യവും, ഒരു ദേശത്തിന്റെ വളർച്ചയിൽ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്കും അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രായയപ്പ് സമ്മേളനത്തിൽ ഉണ്ണി കാനായി സുനിത ടീച്ചർക്കുള്ള ഉപഹാര സമർപ്പണം നടത്തി.
പി.ടി.എ പ്രസിഡന്റ് ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വി.കെ. സുനിത സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പി, വാർഡ് മെമ്പർ എ. പുരുഷോത്തമൻ, മാനേജർ എൻ. ശ്രീകുമാർ, ലിജി പി, വി.വി. രമ്യ, കെ. ഹംസ എന്നിവർ ആശംസകളർപ്പിച്ചു. യാത്രയയപ്പിന് മറുമൊഴിയായി സുനിത ടീച്ചർ നടത്തിയ പ്രസംഗം സദസ്സിന്റെ കണ്ണുനനയിച്ചു. എം. രജനി നന്ദി രേഖപ്പെടുത്തി.
തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ ഉന്നത വിജയം, സംസ്ഥാന തലത്തിലെ ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിലെ നേട്ടം തുടങ്ങി മികച്ച അക്കാദമിക നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണവും വേദിയിൽ നടന്നു. സന്തോഷവും സങ്കടവും ഇടകലർന്ന അന്തരീക്ഷത്തിലാണ് ദേശസേവയുടെ മുറ്റത്തുനിന്ന് ഏവരും മടങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

