കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്കാണ് മാറ്റുന്നത്. കേസിൽ ഉടൻ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പൊലീസിന്റെ നിർണായക നീക്കത്തിലൂടെ രഞ്ജിത്ത് അറസ്റ്റിലാകുന്നത്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതോടെ അഭിഭാഷകരുടെ നിർദ്ദേശപ്രകാരം രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, പരാതിയിൽ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. സംഭവം നടന്ന ദിവസം തന്നെ ഷൂട്ടിംഗ് സെറ്റിലുള്ളവർ വിവരമറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടിയായതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. സിനിമയിൽ പറഞ്ഞ റോൾ നൽകാത്തതിലുള്ള വിരോധമാണോ പരാതിക്ക് പിന്നിലെന്ന് പൊലീസ് പരിശോധിച്ചെങ്കിലും ഈ സാധ്യതകൾ തള്ളിക്കളഞ്ഞു. സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. നടിയുടെ ഷൂട്ടിംഗും ഏകദേശം പൂർത്തിയായിരുന്നു. വ്യാജ ആരോപണത്തിനുള്ള സാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

