അശാസ്ത്രീയ മാലിന്യ സംസ്കരണം: ചെറുകുന്നിൽ സ്കൂൾ അടക്കം വിവിധ സ്ഥാപനങ്ങൾക്ക് 20,000 രൂപ പിഴ

Kannadiparamba online news

ചെറുകുന്ന്: ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സ്കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 20,000 രൂപ പിഴ ഈടാക്കി. ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ, താവത്ത് പ്രവർത്തിക്കുന്ന ചമ്മ മോട്ടോഴ്സ്, ഗവ. ആയുർവേദ ആശുപത്രിക്ക് സമീപമുള്ള ക്വാർട്ടേഴ്സ് എന്നിവർക്കെതിരെയാണ് നടപടി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും, സ്കൂൾ കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതിനുമാണ് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിന് 10,000 രൂപ പിഴ ചുമത്തിയത്. താവത്തെ ചമ്മ മോട്ടോഴ്സിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറകുവശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തുകയും 5,000 രൂപ പിഴയിടുകയും ചെയ്തു.

ചെറുകുന്ന് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ക്വാർട്ടേഴ്സിന്റെ (കെട്ടിട നമ്പർ 11/296) പല ഭാഗങ്ങളിലും തുണികൾ, പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, മെത്തകൾ തുടങ്ങിയ മാലിന്യങ്ങൾ തള്ളിയത് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ക്വാർട്ടേഴ്‌സ് ഉടമയിൽ നിന്നും 5,000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി.പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, അതുൽ സി.സി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സീഷ്മ പി.എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!