പാർട്ടി വിരുദ്ധ പ്രവർത്തനം: ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ സിപിഎം പുറത്താക്കി

Kannadiparamba online news
Screenshot

കണ്ണൂർ: പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് കെ.പി. രമണിയെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്നും ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കി. സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന്റെ ഭാര്യയാണ് കെ.പി. രമണി.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭർത്താവ് ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും റോഡ് ഷോയിലും പങ്കെടുത്തതിനാണ് നടപടി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് സി.പി.എം പുറത്താക്കൽ തീരുമാനത്തിലെത്തിയത്.

പശ്ചാത്തലം:

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ അടുത്തിടെ പാർട്ടി വിട്ടത്. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് യു.ഡി.എഫ് പിന്തുണ തേടുകയായിരുന്നു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് നടക്കുന്നതെന്നും, ഈ അനീതിയെ ചെറുത്തില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും പാർട്ടി വിടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചിരുന്നു. തൊട്ടുപിന്നാലെ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭാര്യയും മുൻ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗവുമായ കെ.പി. രമണിക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!