കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായി പുരോഗമിക്കുന്നു. പ്രമുഖ പ്രഭാഷകനും വാഗ്മിയുമായ വാണിദാസ് എളയാവൂരിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയും, താൻ യാഥാർഥ്യമാക്കിയ പവിഴം റോഡിലെത്തി നാട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയുമാണ് അദ്ദേഹത്തിന്റെ പര്യടനം മുന്നോട്ട് പോകുന്നത്.
ഗുരു-ശിഷ്യ ബന്ധത്തിന്റെ സ്മരണ പുതുക്കി
എളയാവൂരിലെ കൃഷ്ണപുരം വീട്ടിലെത്തിയാണ് രാമചന്ദ്രൻ കടന്നപ്പള്ളി വാണിദാസ് എളയാവൂരിനെ സന്ദർശിച്ചത്. ‘ജയിക്കണം, ഭരിക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സ്ഥാനാർഥിയെ ആശീർവദിച്ചത്. ഒരു റോസാപ്പൂവ് നൽകിയാണ് ഇരുവരും സ്നേഹം പങ്കിട്ടത്. അത്യന്തം വികാരനിർഭരമായിരുന്നു ഈ കൂടിക്കാഴ്ച.
ചിരപുരാതനമായ ബന്ധമാണ് നമ്മൾ തമ്മിലുള്ളതെന്ന് വാണിദാസ് എളയാവൂർ പറഞ്ഞപ്പോൾ, അതൊരു ഗുരു-ശിഷ്യ ബന്ധമാണെന്ന് കടന്നപ്പള്ളി കൂട്ടിച്ചേർത്തു. പാമ്പൻ മാധവനും വാണിദാസും ഒരു കാലത്ത് നാഷണൽ കോൺഗ്രസിന്റെ ചൈതന്യമായിരുന്നുവെന്നും, വാണിദാസ് എളയാവൂരിന്റെ ക്ലാസ് കേൾക്കുക എന്നത് അക്കാലത്ത് വലിയൊരനുഭവമായിരുന്നുവെന്നും ഇരുവരും ഓർത്തെടുത്തു. ഇന്നതൊക്കെ കോൺഗ്രസുകാരോട് പറഞ്ഞാൽ മനസ്സിലാകുമോ എന്ന ചോദ്യത്തോടെ അവരുടെ സൗഹൃദ സംഭാഷണം ഏറെനേരം നീണ്ടു.
പവിഴം റോഡിൽ ആവേശോജ്ജ്വല സ്വീകരണം
മുണ്ടയാട് വൈദ്യർ പീടികയ്ക്ക് സമീപത്തെ പവിഴം റോഡ് പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു. പത്ത് ലക്ഷം രൂപ അനുവദിച്ച് ആ സ്വപ്നം സഫലമാക്കിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തങ്ങളെ കാണാൻ എത്തുന്നുവെന്നറിഞ്ഞപ്പോൾ വലിയ ആവേശത്തോടെയാണ് നാട്ടുകാർ ഒന്നടങ്കം സ്വീകരിക്കാനെത്തിയത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ എട്ടരയോടെയാണ് പുതുതായി ടാർ ചെയ്ത് മനോഹരമാക്കിയ പവിഴം റോഡിൽ അദ്ദേഹം എത്തിയത്. റോഡ് നടന്നു കണ്ട ശേഷം നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് സ്ഥാനാർഥി അവിടെ നിന്നും മടങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

