കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലം വരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) സി. ബിജുവിന് മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
തെക്കി ബസാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനമായാണ് എൽ.ഡി.എഫ് പ്രവർത്തകർ കലക്ടറേറ്റിൽ എത്തിയത്. മുൻ മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി.ആർ. വേശാല, ബാബു ഗോപിനാഥ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. പ്രകടനത്തിന് കെ.പി. സഹദേവൻ, പി.പി. ദിവാകരൻ, കെ.കെ. ജയപ്രകാശ്, കെ.പി. പ്രശാന്തൻ, രാഗേഷ് മന്ദമ്പേത്ത്, ടി. അജയകുമാർ, വെള്ളോറ രാജൻ, മുഹമ്മദ് അസ്ലം പിലാക്കൂൽ, മുഹമ്മദ് പറക്കാട്ട്, പി.സി. അശോകൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
മത്സരിക്കുന്നത് വികസന തുടർച്ചയ്ക്ക്:
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 1640 കോടി രൂപയുടെ വികസനമാണ് കണ്ണൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് പത്രിക സമർപ്പിച്ച ശേഷം രാമചന്ദ്രൻ കടന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ മുന്നിലുള്ള ഈ നേർക്കാഴ്ച ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജനവിധി തേടുന്നത്. ജില്ലാ ആസ്ഥാനത്തുണ്ടായ മാറ്റങ്ങളുടെ അനുഭവ സാക്ഷ്യമാണ് തന്റെ വിജയപ്രതീക്ഷയെന്നും, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പര്യടനം സജീവം:
പത്രികാ സമർപ്പണത്തിന് ശേഷം കൊടും ചൂടിനെ വകവയ്ക്കാതെ അദ്ദേഹം വട്ടപ്പൊയിൽ മുതൽ എടക്കാട് വരെയുള്ള പ്രദേശങ്ങളിൽ വോട്ടഭ്യർഥിച്ചു. വാരം കെ.എസ് ഡിസ്റ്റലറിയിൽ എം.ഡി. കെ. അനൂപും തൊഴിലാളികളും ചേർന്ന് അദ്ദേഹത്തെ വരവേറ്റു. വട്ടപ്പൊയിൽ ഡയമണ്ട് പെയിന്റ്സ്, ശില്പി പ്രൊഡക്ഷൻസ്, ദിനേശ് ടെക്സ്റ്റൈൽസ്, വലിയന്നൂർ ദിനേശ് ബീഡി, ഐഡിയൽ ഗാർമെന്റ്സ്, എസ്.ആർ അസോസിയേറ്റ്സ് എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും അദ്ദേഹം നേരിൽക്കണ്ടു.
രാവിലെ കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം സന്ദർശിച്ച അദ്ദേഹം, വൈകുന്നേരം എടക്കാട് കാക്കനാകോട്ടം ദേവി ക്ഷേത്രത്തിലെയും കിഴുന്ന മന്ദപ്പൻ കാവിലെയും ഉത്സവാഘോഷങ്ങളിലും പങ്കെടുത്തു. തോട്ടട കരാറിനകം ബാങ്ക് അങ്കണത്തിൽ നടന്ന വയോജന സംഗമത്തിലും അദ്ദേഹം സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

