ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന ഹൈക്കമാൻഡ്, കെ. സുധാകരന്റെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ നിലപാട് മാറ്റിയതായി സൂചന. കണ്ണൂർ സീറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിൽ ഹൈക്കമാൻഡ് വഴങ്ങിയതോടെ കണ്ണൂരിൽ കെ. സുധാകരൻ തന്നെ ജനവിധി തേടുമെന്ന് ഏതാണ്ടുറപ്പായി.
നാടകീയമായ മണിക്കൂറുകൾ:
ഡൽഹിയിലെത്തിയ ശേഷം തന്നെ ചർച്ചകളിൽ തഴയുന്നതിൽ സുധാകരൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. “നമ്മളോടൊക്കെ ആര് ചർച്ച ചെയ്യാൻ” എന്ന് ചോദിച്ച അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നൽകി. കെ.സി. വേണുഗോപാലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, സ്ക്രീനിങ് കമ്മിറ്റി തീരുമാനം അനുകൂലമല്ലെന്നറിഞ്ഞതോടെ “ശരി, നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഓക്കേ ഗുഡ് ബൈ” എന്ന് പറഞ്ഞ് സുധാകരൻ ഫോൺ വെക്കുകയായിരുന്നു.
മുതിർന്ന നേതാക്കളുടെ ഇടപെടൽ:
സുധാകരന്റെ കടുത്ത നീക്കം മുന്നിൽക്കണ്ട് എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും അടിയന്തരമായി ഇടപെട്ടു. സുധാകരനെ ഒഴിവാക്കിയാൽ അദ്ദേഹം എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്നും, ഇത് കേരളത്തിൽ യു.ഡി.എഫിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കുമെന്നും ചെന്നിത്തല രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സുധാകരന്റെ ജനപിന്തുണ കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് പുനർവിചിന്തനത്തിന് തയ്യാറായത്.
കണ്ണൂർ സീറ്റിൽ സുധാകരന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതോടെ അദ്ദേഹം വിളിച്ചുചേർക്കാനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. അതേസമയം, സീറ്റ് ആവശ്യപ്പെട്ടിരുന്ന അടൂർ പ്രകാശിന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

