അനീസ് കണ്ണാടിപറമ്പ ✍️
അഴീക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫിനായി കളത്തിലിറങ്ങുന്നത് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ് ജില്ലാ കൺവീനറുമായ അഡ്വ. കരീം ചേലേരിയാണ്. മികച്ച വിദ്യാഭ്യാസ യോഗ്യതയും ദീർഘകാലത്തെ ഭരണനിർവഹണ പരിചയവും കൈമുതലായുള്ള അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അഴീക്കോട്ട് യു.ഡി.എഫിന് വലിയ ആവേശമാണ് നൽകുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ജില്ലാ അമരക്കാരനിലേക്ക്:
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് കരീം ചേലേരി പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. ചേലേരി വില്ലേജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിയായി തുടങ്ങിയ അദ്ദേഹം എം.എസ്.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി (1990–1993), സംസ്ഥാന ട്രഷറർ (1993–1996) എന്നീ പദവികൾ വഹിച്ചു. തുടർന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായും, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം നിലവിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ് ജില്ലാ കൺവീനറുമാണ്. ഇതിനുപുറമെ തളിപ്പറമ്പ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി, സി.എച്ച്.എം.ആർ.ഐ ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു.
ഭരണനിർവഹണത്തിലെ മികവ്:
രാഷ്ട്രീയത്തിന് പുറമെ ഔദ്യോഗിക പദവികളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളിലും പയ്യന്നൂർ, കണ്ണൂർ നഗരസഭകളിലും കോഴിക്കോട് കോർപ്പറേഷനിലും ക്ലാർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽസിൽ ലേബർ വെൽഫയർ ഓഫീസറായും, കണ്ണൂർ IIHT-യിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും, തിരുവനന്തപുരം ടെക്സ്ഫെഡിൽ സ്പെഷ്യൽ ഓഫീസറായും, മലപ്പുറം ആതവനാട് കെൽടെക്സിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (CEO) പ്രവർത്തിച്ച വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റി ഫാഷൻ ഡിസൈനിംഗ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കൈത്തറി വകുപ്പ് സംസ്ഥാന ട്രെയിനിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസവും കുടുംബവും:
ബി.കോം, എൽ.എൽ.ബി, പി.ജി.ഡി.ബി.എ, ഡിപ്ലോമ ഇൻ ജേർണലിസം എന്നീ ബിരുദങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1963 ഒക്ടോബർ 5-ന് മൊയ്തീൻ-മറിയം ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ സാഹിറയാണ്. ശബാന ഷെറിൻ, ശർമിള ഷെറിൻ, മുഹമ്മദ് ശബീർ എന്നിവർ മക്കളാണ്.
മികച്ച ഭരണാധികാരിയും ജനകീയ നേതാവുമായ അഡ്വ. കരീം ചേലേരിയെ കളത്തിലിറക്കിയതിലൂടെ അഴീക്കോട് മണ്ഡലം പിടിച്ചെടുക്കാനുറച്ചാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

