പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി നീളുന്നത് കാരണം ജനങ്ങൾക്കുണ്ടായ തീരാ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം വൈകുന്നതിൽ ആശങ്കയറിയിച്ച് എസ്.ഡി.പി.ഐ പ്രതിനിധി സംഘം മേൽപ്പാലം പ്രദേശം സന്ദർശിച്ചു.
പാലാരിവട്ടം മോഡൽ അഴിമതി:
യു.ഡി.എഫ് ഭരണകാലത്തെ പാലാരിവട്ടം മോഡൽ അഴിമതിയാണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിലും ഉണ്ടായതെന്ന് പ്രതിനിധി സംഘം ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞ വർഷം തന്നെ മേൽപ്പാലത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. എല്ലാ ആണ്ടിലും അറ്റകുറ്റപ്പണി നടത്തുന്ന പണി തീരാത്ത പാലമായി ഇത് മാറിയിരിക്കുകയാണ്. യു.ഡി.എഫ് കാലത്തെ പൊതുമരാമത്ത് മന്ത്രിയുടെയും എം.എൽ.എയുടെയും അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണ റിപോർട്ട് 10 വർഷമായിട്ടും എൽ.ഡി.എഫ് സർക്കാർ പുറത്തുവിടാത്തത് ദുരൂഹമാണെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.
നേതാക്കളുടേത് സന്ദർശന നാടകം:
ഇപ്പോഴത്തെ എൽ.ഡി.എഫ് എം.എൽ.എയും യു.ഡി.എഫ് നേതാക്കളും മേൽപ്പാലത്തിൽ നടത്തുന്ന സന്ദർശനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ്. ബസ്സുകൾ റൂട്ട് മാറ്റിയത് കാരണം പ്രദേശവാസികൾക്കുള്ള ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. സമയനഷ്ടത്തിനു പുറമെ കടുത്ത സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമാവുന്നുണ്ട്. ഇടത്-വലത് നേതാക്കൾ സന്ദർശന നാടകവും റീൽസ് ചിത്രീകരണവും അവസാനിപ്പിച്ച് യാത്രക്കാരുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ പ്രതിനിധി സംഘത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തും കടവ്, മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി പി.സി, മഷൂദ് കണ്ണാടിപ്പറമ്പ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മഹറൂഫ് വി.കെ, സെക്രട്ടറി ഫിറോസ് പാറക്കൽ, വെസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് ഷഫീഖ് കെ.ഒ.കെ എന്നിവർ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

