തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ എല്ലാവരും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
• സമയക്രമം: രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
• കുടിവെള്ളം: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ORS ലായനി, സംഭാരം എന്നിവ കൂടുതലായി ഉപയോഗിക്കുക.
• വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക.
• കുട്ടികളും പ്രായമായവരും: കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പകൽ 11 മുതൽ 3 വരെ വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിലും അംഗനവാടികളിലും കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനങ്ങളും വായു സഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. അസംബ്ലികൾ ഈ സമയത്ത് ഒഴിവാക്കണം.
• തൊഴിലാളികൾ: നിർമാണത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ എന്നിവരുടെ ജോലി സമയം സുരക്ഷിതമായി ക്രമീകരിക്കണം. ആവശ്യമായ വിശ്രമം ഉറപ്പുവരുത്തണം.
• മൃഗ സംരക്ഷണം: ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
• തീപിടുത്ത മുന്നറിയിപ്പ്: മാർക്കറ്റുകൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുക. വനമേഖലയോട് ചേർന്ന് കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
• പൊതുപരിപാടികൾ: പകൽ 11 മുതല്‍ 3 വരെ കഴിവതും പൊതുസമ്മേളനങ്ങൾ ഒഴിവാക്കുക. നടത്തുന്നവയിൽ കുടിവെള്ളവും തണലും ഉറപ്പാക്കണം.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

