‘കണ്ണൂർ എന്റെ ഹൃദയ രക്തമാണ്, എന്നെ അറിയാത്ത കണ്ണൂരുമില്ല’; ഉള്ളുതുറന്ന് വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

Kannadiparamba online news
Screenshot

കണ്ണൂർ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ, കണ്ണൂരിനോടും പാർട്ടി പ്രവർത്തകരോടുമുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കി കെ. സുധാകരന്റെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂർ തന്റെ ഹൃദയ രക്തമാണെന്നും, തന്നെ അറിയാത്ത കണ്ണൂരുമില്ല താനറിയാത്ത കണ്ണൂരുമില്ലെന്നും അദ്ദേഹം കുറിച്ചു.

കമ്യൂണിസ്റ്റ് അക്രമങ്ങൾക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങളും നഷ്ടപ്പെട്ട സഹപ്രവർത്തകരെക്കുറിച്ചും പോസ്റ്റിൽ വികാരഭരിതമായാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. “കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്” – സുധാകരൻ കുറിച്ചു.

പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ സ്വന്തം വീടിനെയും വീട്ടുകാരെയും കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും തന്റെ കൈപിടിച്ച് വളർന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചോരയും വിയർപ്പും വീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി തലയുയർത്തിത്തന്നെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, എന്നാൽ തനിക്കതൊന്നും മരണത്തിൽ പോലും മറക്കാനാവാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ സുധാകരൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്റെ പൂർണ്ണരൂപം

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.

ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!