തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
പ്രധാന നിർദ്ദേശങ്ങൾ:
• പൊതുവായ ശ്രദ്ധയ്ക്ക്: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിനൊപ്പം ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ നിർബന്ധമായും ഉപയോഗിക്കുകയും അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.
• പ്രത്യേക പരിഗണന വേണ്ടവർ: പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ 11 മണി മുതൽ 3 മണി വരെ വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ക്ലാസ്സ് മുറികളിലും പരീക്ഷാഹാളുകളിലും വായു സഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും വിനോദ സഞ്ചാര യാത്രകളും രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് ഒഴിവാക്കുകയോ ക്രമീകരിക്കുകയോ ചെയ്യണം.
• തൊഴിലാളികളും ഉദ്യോഗസ്ഥരും: നിർമാണ-കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്ക് ഈ സമയങ്ങളിൽ ആവശ്യമായ വിശ്രമവും സുരക്ഷയും സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കുടിവെള്ളവും വെയിലേൽക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കുക.
• തീപിടുത്ത മുന്നറിയിപ്പ്: ചൂട് അധികരിക്കുന്നതിനാൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടുത്തങ്ങൾക്കും കാട്ടുതീയ്ക്കും സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്.
• മൃഗസംരക്ഷണം: ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും കുടിവെള്ളം ഉറപ്പാക്കുക. കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഓർമ്മിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

