കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നിര്‍മിച്ച ആശ്വാസ് വാടക വീട് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി.
മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. 106 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി മൂന്ന് നിലകളിലായുള്ള കെട്ടിടമാണ് സജ്ജമായിട്ടുളളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ട് കിടക്കകളുള്ള ഒരു ഡോർ മിറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു നിലകളിലായി 64 കിടക്കകളുളള ഒരു ഡോര്‍മിറ്ററിയും രണ്ടാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്. കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 1787.34 ചതുരശ്ര മീറ്ററാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥതയിലുളളതുമായ 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
ഹൗസിംഗ് ബോര്‍ഡ് എഞ്ചിനീയര്‍ എം.കെ അഷിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടേക്കാട്, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി രവീന്ദ്രന്‍, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ ടി.വി ബാലന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ സുദീപ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പദ്മനാഭന്‍, പി.വി ബാബു രാജേന്ദ്രന്‍, എം.പി ഉണ്ണികൃഷ്ണന്‍, ടി രാജന്‍, മുസ്തഫ കടന്നപ്പള്ളി, സിബി കെ സന്തോഷ്, പി.ടി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. (പടം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

