കണ്ണൂർ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്സ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന സർക്കാരിൻ്റെ നിലപാട് തികച്ചും കപടമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷ എന്ന് പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി സ്ത്രീവിരുദ്ധ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും മന്ത്രി ഗണേഷ് കുമാറിന് സംരക്ഷണം നൽകുകയുമാണ് ചെയ്യുന്നത്. മന്ത്രിപത്നിക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീജ മഠത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ജില്ലാ വൈസ് പ്രസിഡൻ്റ് പുഷ്പലത കെ.എൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. പത്മിനി, ബ്ലോക്ക് പ്രസിഡൻ്റുമാരായ പത്മജ എൻ.പി, ഉഷാകുമാരി കെ, മോഹിനി കെ.വി, ഷിനോ പി, ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

