വികസനം തടസപ്പെടുത്തുന്നു; എം.എൽ.എ ഫണ്ട് പ്രവൃത്തികൾക്ക് അനുമതി നിഷേധിക്കുന്ന കണ്ണൂർ കോർപറേഷനെതിരെ എൽ.ഡി.എഫ് മാർച്ച് ചൊവ്വാഴ്ച

Kannadiparamba online news
Screenshot

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് അനുമതി നിഷേധിക്കുകയും കണ്ണൂർ മണ്ഡലത്തിലെ വികസനം തടസപ്പെടുത്തുകയും ചെയ്യുന്ന കണ്ണൂർ കോർപറേഷൻ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മാർച്ച് നടത്തുന്നു. വരുന്ന ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്‌ഘാടനം ചെയ്യും.

മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ച പദ്ധതികളൊന്നും കോർപറേഷൻ ഏറ്റെടുക്കുകയോ അനുമതി നൽകുകയോ ചെയ്യുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന ആരോപണം. വയോജനങ്ങൾക്ക്‌ പകൽ വിശ്രമ കേന്ദ്രങ്ങൾ (പകൽ വീട്) ഒരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും കോർപറേഷൻ സ്ഥലം നൽകാത്തതിനാൽ പദ്ധതി മുടങ്ങി. എം.എൽ.എ, ബജറ്റ് ഫണ്ടുകളിൽ ഉൾപ്പെട്ട പല റോഡുകളുടെയും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാത്തതിനാൽ ഭരണാനുമതി ലഭിക്കുന്നില്ല.

കൂടാതെ, ജില്ലാ ഹോമിയോ ആശുപത്രിക്കായി എം.എൽ.എ ഫണ്ടുപയോഗിച്ച്‌ തുടങ്ങിയ കെട്ടിടനിർമാണത്തിനും ടൗൺ സ്ക്വയറിലെ പന്തൽ നിർമ്മാണത്തിനും കോർപറേഷൻ സ്‌റ്റോപ്‌ മെമ്മോ നൽകി. തോട്ടട സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിളക്കുകൾ സ്ഥാപിക്കുന്നതിനും, ജൂബിലി ഹാളിന്റെ മതിൽ പൂർത്തിയാക്കാനും അനുമതി നിഷേധിച്ചു. സ്‌പോർട്‌സ്‌ സ്കൂൾ വികസനത്തിന് സ്ഥലം വിട്ടുനൽകാനും കോർപറേഷൻ തയ്യാറായിട്ടില്ല. കാലവർഷക്കെടുതി ഫണ്ടിൽ ഉൾപ്പെട്ട റോഡുകളുടെ എസ്റ്റിമേറ്റും വൈകുകയാണ്. ഈ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ച് വൻവിജയമാക്കാൻ എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.പി. സുധാകരൻ അഭ്യർഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!