മയ്യിൽ: ‘പല മതക്കാരും പല ജാതിക്കാരും പല നിറക്കാരും പല ദേശക്കാരും പല ഭാഷക്കാരും പലരുമെങ്കിലും മനുഷ്യരാണ് നാം…’ പാഠഭാഗം പഠിച്ചുതീർന്നപ്പോഴേക്കും വിദ്യാർത്ഥികളുടെ കുഞ്ഞുമനസ്സുകളിലുദിച്ച വലിയൊരു ആശയമായിരുന്നു ഈ വരികൾ. എല്ലാവരെയും ചേർത്തുനിർത്താൻ എന്തുചെയ്യാമെന്ന അവരുടെ തലപുകഞ്ഞ ആലോചന ചെന്നെത്തിയത് വിദ്യാലയ മുറ്റത്തൊരുക്കുന്ന സ്നേഹത്തിന്റെ ഇഫ്താർ വിരുന്നിലായിരുന്നു.
കുട്ടികളുടെ ഈ നല്ല ആശയത്തിന് പിന്തുണയുമായി പിടിഎയും അധ്യാപകരും കൂടെനിന്നപ്പോൾ കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ അതൊരു ഗംഭീര ഇഫ്താർ വിരുന്നായി മാറി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തു. ഇ. നിഷ്കൃത അധ്യക്ഷത വഹിച്ചു. സുഹൈൽ അഫ്സനി ഹാറൂനി ഇഫ്താർ സന്ദേശം നൽകി.
ചടങ്ങിൽ ജിനീഷ് ചാപ്പാടി, രവി മാണിക്കോത്ത്, എം.പി.എ റഹീം, സി. കുഞ്ഞിരാമൻ, കെ. സന്തോഷ് എന്നിവർ സംസാരിച്ചു. കെ. ശ്രീലേഖ ഏവർക്കും സ്വാഗതവും എ.ഒ. ജീജ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ ഈ സ്നേഹവിരുന്നിൽ പങ്കുചേർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

