ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ തീരുമാനിച്ച് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു.
അതേസമയം, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ നിരുപാധികം കീഴടങ്ങില്ലെന്നും, അമേരിക്കയുടെ ഇത്തരം ആവശ്യങ്ങൾ വ്യാമോഹം മാത്രമാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളെയും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യംവെച്ചത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാൻ, ഒമാൻ തീരത്തെ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ആക്രമണം നടത്തി. ഇത് പശ്ചിമേഷ്യയിൽ കടുത്ത സംഘർഷാവസ്ഥയ്ക്കും ആഗോള സാമ്പത്തിക-ഊർജ്ജ മേഖലകളിൽ വലിയ അനിശ്ചിതത്വങ്ങൾക്കും കാരണമായിരുന്നു. പുതിയ തീരുമാനത്തോടെ ഗൾഫ് മേഖലയിലെ യുദ്ധഭീതിക്ക് താൽക്കാലിക ശമനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

