കണ്ണൂർ: ജില്ലയിൽ കനത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിച്ച കടുത്ത വേനൽ മാർച്ചോടെ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ വർഷം രാജ്യത്ത് തന്നെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. കഴിഞ്ഞ ഫെബ്രുവരി 7, 8 തീയതികളിൽ കണ്ണൂർ വിമാനത്താവളത്തിൽ 38.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
റംസാൻ വ്രതകാലമായതിനാൽ വിശ്വാസികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിർമ്മാണത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങി പകൽ സമയങ്ങളിൽ പുറംജോലി ചെയ്യുന്നവർ കടുത്ത പ്രതിസന്ധിയിലാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കാലാവസ്ഥാ വ്യതിയാനവുമാണ് ചൂട് കനക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാർച്ച് അവസാനത്തോടെ വേനൽമഴ ലഭിച്ചേക്കുമെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ ചൂട് വർദ്ധിക്കാനാണ് സാധ്യത. തീരപ്രദേശങ്ങളെയും മലയോരങ്ങളെയും അപേക്ഷിച്ച് ഇടനാടൻ പ്രദേശങ്ങളിലാകും ചൂട് കൂടുതൽ അനുഭവപ്പെടുക. അതിശക്തമായ വെയിലുള്ളതിനാൽ അൾട്രാവയലറ്റ് സൂചിക ഉയരാൻ സാധ്യതയുണ്ട്. അതിനാൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
മൃഗങ്ങൾക്കും വേണം സംരക്ഷണം:
ഉയർന്ന ചൂട് കന്നുകാലികളിൽ പാലുത്പാദനം കുറയുന്നതിനും രോഗപ്രതിരോധ ശേഷി ഇല്ലാതാകുന്നതിനും കാരണമാകും. ചൂട് കൂടുമ്പോൾ മൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാൽ തൊഴുത്തുകളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും, പശുക്കളെ രണ്ടുമണിക്കൂർ ഇടവേളകളിൽ നനയ്ക്കുകയും വേണം.
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക:
പരീക്ഷാക്കാലമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻകരുതലുകൾ സ്വീകരിക്കണം. തണുത്ത വെള്ളം അധികമായി കരുതുകയും ദാഹം തോന്നുമ്പോഴെല്ലാം കുടിക്കുകയും ചെയ്യുക. ഉയർന്ന അന്തരീക്ഷ താപനിലയിൽ ദിവസവും രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ ഫാനിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

