പി.കെ. ശശിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ

Kannadiparamba online news
Screenshot

പാലക്കാട്: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പി.കെ. ശശിയെ സി.പി.എം പുറത്താക്കി. പാലക്കാട് നടന്ന സി.പി.എം വിമത കൺവെൻഷനിൽ പങ്കെടുത്ത് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചത്.

ആയിരത്തിലേറെ പേർ പങ്കെടുത്ത വിമത കൺവെൻഷനിൽ വെച്ച് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പി.കെ. ശശി പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് ഒരു ‘സ്പിരിറ്റ് കച്ചവടക്കാരനാണെന്ന്’ ശശി തുറന്നടിച്ചു. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യുന്നവരാണ് പാർട്ടി നിയന്ത്രിക്കുന്നതെന്നും, ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കുന്ന സെക്രട്ടറിയാണ് സുരേഷ് ബാബുവെന്നും അഞ്ചു വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കിയ മറ്റൊരു സെക്രട്ടറിയില്ലെന്നും ശശി ആരോപിച്ചു.

അതേസമയം, പാലക്കാട് നടന്നത് വിമതരുടെ കൺവെൻഷനല്ലെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൂട്ടായ്മയാണെന്നും പി.കെ. ശശി വേദിയിൽ പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്താതെ, പാലക്കാട്ടെ ജില്ലാ നേതൃത്വത്തെ തിരുത്തിയാൽ മാത്രമേ പാർട്ടിക്ക് രക്ഷയുള്ളൂ എന്നായിരുന്നു ശശിയുടെ നിലപാട്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഖാക്കളെ ചേർത്തുപിടിച്ചിരുന്ന രീതി ഇന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രണ്ട് മുൻ ഏരിയാ സെക്രട്ടറിമാരും ഏഴ് ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങൾക്കൊപ്പമുണ്ടെന്ന് ശശി പ്രഖ്യാപിച്ചു. അഞ്ഞൂറ് പേരെ പ്രതീക്ഷിച്ച കൺവെൻഷനിൽ ആയിരത്തിലധികം പേർ പങ്കെടുത്തത് പാലക്കാട് സി.പി.എമ്മിലെ വിമതനീക്കം ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!