കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണറായി ഇറങ്ങി 50 പന്തിൽ 97 റൺസുമായി പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണിന്റെ വൺമാൻ ഷോയാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (10) എന്നിവരെ വേഗത്തിൽ നഷ്ടമായി. തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (18) സഞ്ജുവിനൊപ്പം 58 റൺസ് കൂട്ടിച്ചേർത്തെങ്കിലും 11-ാം ഓവറിൽ മടങ്ങി. പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മ (15 പന്തിൽ 27), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്ത് സിക്‌സറും രണ്ടാമത്തെ പന്ത് ഫോറും പറത്തി സഞ്ജു ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 4 സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ശിവം ദുബെ 8 റൺസുമായി സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസ് നേടിയത്. 25 പന്തിൽ 40 റൺസ് നേടിയ റോസ്റ്റൺ ചേസാണ് അവരുടെ ടോപ് സ്‌കോറർ. ഷായ് ഹോപ്പ് (32), ഷിംറോൺ ഹെറ്റ്‌മെയർ (27), റോവ്മാൻ പവൽ (34*), ജേസൺ ഹോൾഡർ (37*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

