‘ജീവിതത്തിലെ ഏറ്റവും മികച്ച ദിനം’; ലോകകപ്പിലെ വെടിക്കെട്ട് ഇന്നിങ്സിന് ശേഷം മനസ്സ് തുറന്ന് സഞ്ജു

Anees kannadiparamba

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ തന്റെ സന്തോഷവും കടന്നുപോയ വഴികളും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. 50 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താവാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ സെമി ഫൈനൽ ടിക്കറ്റെടുത്തത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സും ഫോറും പറത്തിയാണ് സഞ്ജു ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചത്.

മത്സരശേഷം സംസാരിച്ച സഞ്ജു തന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും ഇതിഹാസ താരങ്ങളിൽ നിന്ന് ലഭിച്ച പ്രചോദനത്തെക്കുറിച്ചും വാചാലനായി.

സഞ്ജുവിന്റെ വാക്കുകൾ:

“ലോകം മുഴുവൻ ഞാനായതായി തോന്നുന്നു. രാജ്യത്തിനായി കളിക്കാൻ സ്വപ്നം കണ്ട ദിവസം മുതൽ ഞാൻ കാത്തിരുന്ന ദിവസമാണിത്. ഈ നേട്ടത്തോട് ഞാൻ കടപ്പെട്ടിരിക്കും. എന്റെ യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ‘എന്ത് സംഭവിക്കും’, ‘എനിക്ക് സാധിക്കുമോ’ എന്നൊക്കെ ചിന്തിച്ച് ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു. പക്ഷെ ഞാൻ എന്നിൽ വിശ്വസിക്കുന്നത് തുടർന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷവാനാണ്.

ഞാൻ വളരെക്കാലമായി ഈ ഫോർമാറ്റ് കളിക്കുന്നുണ്ട്. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ ഇതിഹാസങ്ങൾ കളിക്കുന്നത് ഡഗ്ഔട്ടിലിരുന്ന് ഞാൻ പഠിക്കാറുണ്ടായിരുന്നു. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനാണ് ഞാൻ ആഗ്രഹിച്ചത്. ഇത്രയും മികച്ചൊരുകാര്യം ചെയ്യാൻ എനിക്ക് സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. ആരാധകർ നൽകുന്ന പിന്തുണയും ഊർജ്ജവും വളരെ വലുതാണ്. ഞാൻ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകൾ കളിച്ചു. എന്നിൽത്തന്നെ വിശ്വസിച്ചു,” സഞ്ജു പറഞ്ഞുനിർത്തി.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വിൻഡീസിനായി റോസ്റ്റൺ ചേസ് (40) തിളങ്ങിയപ്പോൾ ഇന്ത്യക്കായി ബുമ്ര 2 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!