ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (86) കൊല്ലപ്പെട്ടു. ടെഹ്റാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വൻ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവയും ഇറാൻ ഔദ്യോഗിക ടെലിവിഷനും സ്ഥിരീകരിച്ചു.
ഖമനേയി കൊല്ലപ്പെട്ട വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമാണ് ആദ്യം പുറത്തുവിട്ടത്. ചരിത്രം കണ്ട ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. ആദ്യഘട്ടത്തിൽ ഇത് നിഷേധിച്ച ഇറാൻ, ടെഹ്റാനിലെ ഖമനേയിയുടെ ഓഫീസ് പൂർണ്ണമായും തകർന്ന ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. ഖമനേയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും ദാരുണാന്ത്യം
രാത്രി മുഴുവൻ നീണ്ടുനിന്ന വ്യോമാക്രമണങ്ങളിൽ ഇറാന്‍റെ പ്രതിരോധ മന്ത്രി അസീസ് നസിർസാദ, വിപ്ലവസേനയുടെ കമാൻഡർ മുഹമ്മദ് പാക്പോർ, പ്രതിരോധ കൗൺസിൽ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായ അലി ഷംഖാനി എന്നിവരുൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതുവരെ 201 പേർ കൊല്ലപ്പെട്ടുവെന്നും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് വിവരം.
അതേസമയം, ഇറാനെതിരായ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുംവരെ ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

