നാശം വിതച്ച് യുദ്ധം; വീണ്ടും ടെഹ്റാനിൽ സ്ഫോടനം, കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം, പാം ജുമൈറയില്‍ തീപിടിത്തം

Kannadiparamba online news

ടെഹ്റാൻ / ദുബായ്: ഇസ്രയേൽ – യു.എസ് ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയോടെ പശ്ചിമേഷ്യ പൂർണ്ണമായും യുദ്ധഭൂമിയായി മാറി. ഗൾഫ് രാജ്യങ്ങളിൽ വ്യാപക ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റു. ദുബായിലെ ആഡംബര കേന്ദ്രമായ പാം ജുമൈറയിലെ ലേക്ക് ടവറിൽ ആക്രമണത്തെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ നാല് പേർക്കും പരിക്കേറ്റു. നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചു. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ ഇസ്രയേൽ-യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രിയും റവല്യൂഷനറി ഗാർഡിന്റെ കമാൻഡറും കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നുമാണ് സൂചന. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊട്ടാരവും ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും.

കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നും, ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇസ്രയേലിന് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി. ഇറാനിലെ ടെഹ്റാനിൽ വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായി. നഗരത്തിന് പുറത്തേക്ക് കൂട്ടപ്പലായനം നടത്തുന്നതിനാൽ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യു.എൻ സുരക്ഷാ സമിതി യോഗം ഇന്ത്യൻ സമയം പുലർച്ചെ 2:30-ന് ചേരും. ആക്രമണത്തെ റഷ്യ അപലപിച്ചപ്പോൾ, സാഹചര്യം വഷളാക്കിയത് ഇറാൻ സർക്കാരെന്ന് യുക്രൈന്‍ വിമര്‍ശിച്ചു. ഇറാനെ ആണവായുധം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ ദുബൈ പാംജുമൈറയിലുണ്ടായ തീപ്പിടുത്ത സംഭവം സ്ഥിരീകരിച്ച് അധികൃതർ. നഗരത്തിലെ അടിയന്തര പ്രതികരണ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. സ്ഥലത്തെ തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ദുബൈ സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും ക്ഷേമവും ഏറ്റവും പ്രധാന്യമുള്ളതാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുകയാണെന്നും അറിയിച്ചു. അധികൃതരിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കാനും സോഷ്യൽ മീഡിയയിൽ വീഡിയോകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!