തലശ്ശേരി: അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശംവച്ച കേസിൽ രണ്ട് പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും 25,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. തില്ലങ്കേരി ആലച്ചിയിൽ കൊട്ടാരത്തിൽ വീട്ടിൽ ശ്രീജിത്ത് (47), ആലച്ചിയിൽ സീനാ നിവാസിൽ സുകുമാരൻ (60) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. അതേസമയം, കേസിലെ മൂന്നാം പ്രതിയായ ചെറുപറമ്പ് ചാലുപറമ്പത്ത് സി.പി ഷാജിയെ കോടതി വെറുതെ വിട്ടു. സ്ഫോടക വസ്തു നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2016 ജൂൺ 21-ന് രാവിലെ 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കീഴപ്പള്ളി എടൂർ റോഡിൽ മാർഗ തടസമുണ്ടാക്കുന്ന രീതിയിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ചപ്പോഴാണ് 25 ജലാറ്റിൻ സ്റ്റിക്കുകളും 64 ഇലക്ട്രിക്ക് ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ഒന്നാം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്ന് ഓടിരക്ഷപ്പെട്ട രണ്ടാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
തളിപ്പറമ്പ് എസ്.ഐ ആയിരുന്ന ടി.എസ് ശ്രീജിത്ത്, പി.ഒ പൈലി, എം.പി ഫിലിപോസ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. എസ്.ഐ എം. സജിത്ത് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേശ്മ ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

