മനാമ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നു. ഇസ്രയേലിന് പുറമെ ബഹ്റൈനിലെ യു.എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ മുഴുവൻ യു.എസ്, ഇസ്രയേൽ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിലേക്കും ഇറാൻ വ്യാപകമായി മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിക്കുകയും അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു. രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേൽ ഭരണകൂടം, ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചു. മിസൈലാക്രമണ ശ്രമം നടന്നതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇറാനിലെ ഭരണമാറ്റമാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ സൈന്യവും റെവല്യൂഷനറി ഗാർഡും ആയുധം വെച്ച് കീഴടങ്ങണം, അല്ലെങ്കിൽ മരണം നേരിടാൻ തയ്യാറാകണമെന്നും ട്രംപ് അന്ത്യശാസനം നൽകി. ഇറാൻ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ വരെ എത്താൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും, ആണവ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നതിനാലുമാണ് കാത്തുനിൽക്കാതെ പെട്ടെന്നുള്ള സംയുക്ത ആക്രമണത്തിലേക്ക് യു.എസ് കടന്നതെന്നും ട്രംപ് വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

