മനാമ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളിൽ വൻ നാശനഷ്ടം. ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മരിച്ചയാൾ ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക വിവരം.
ബഹ്റൈനിൽ അടിയന്തര അപായ സൈറണുകൾ മുഴങ്ങി. യു.എസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്ന ബഹ്റൈനിലെ ജുഫൈർ ഭാഗത്ത് അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, ഇവിടെ നിന്നും പുക ഉയരുന്നതായും പ്രദേശവാസികൾ പറയുന്നു. ബഹ്റൈനിൽ നിന്നുള്ളതെന്ന പേരിൽ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
സാഹചര്യം അതീവ ഗുരുതരമായതിനാൽ ഗൾഫ് രാജ്യങ്ങൾ കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും, വീടുകളിലോ മറ്റ് സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ ആരും പുറത്തിറങ്ങരുത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

