കണ്ണൂർ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും, ടൂറിസം, ആരോഗ്യം, ക്ഷേമപദ്ധതികൾ എന്നിവയ്ക്കും വൻ തുക വകയിരുത്തിക്കൊണ്ട് കണ്ണൂർ കോർപ്പറേഷന്റെ 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ‘ഉറങ്ങാത്ത കണ്ണൂർ നഗരം’, പയ്യാമ്പലം ടൂറിസ്റ്റ് ഹബ്ബ്, ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഹെൽത്ത് സ്ക്വാഡിന് അത്യാധുനിക ഉപകരണങ്ങൾ, റോബോട്ടിക് മാലിന്യ നിർമാർജനം തുടങ്ങി നിരവധി നൂതന പദ്ധതികളാണ് ബജറ്റിലുള്ളത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
• അടിസ്ഥാന സൗകര്യവും നഗരവികസനവും: ഉറങ്ങാത്ത കണ്ണൂർ നഗരം-നൈറ്റ് ഓഫീസ് പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി. സമഗ്ര ഡ്രെയിനേജ് സംവിധാനത്തിന് 7 കോടിയും, ഇലക്ട്രിക് ബസ്സുകൾക്കും ചാർജ്ജിംഗ് സ്റ്റേഷനുകൾക്കുമായി 5 കോടിയും നീക്കിവെച്ചു. ശാസ്ത്രീയ റോഡ് വികസനം (5 കോടി), കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം (5 കോടി), ടോയ് ടൗൺ പദ്ധതി (1 കോടി), സ്പോർട്സ് വ്യാപാര സമുച്ചയം (1.5 കോടി), പൂർണ്ണ കവറേജോടെ സൗരോർജ്ജ തെരുവ് വിളക്കുകൾ (1 കോടി) എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ. AI അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിനും 3D നഗര ദൃശ്യാവതരണത്തിനുമായി 20 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.
• ആരോഗ്യവും ശുചിത്വവും: ഹോട്ടലുകളിലും ബേക്കറികളിലും പലഹാരങ്ങൾ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിന് ഹെൽത്ത് സ്ക്വാഡിന് 10 ‘ഫ്രൈയിംഗ് ഓയിൽ മോണിറ്റർ’ വാങ്ങാൻ 10 ലക്ഷം രൂപ വകയിരുത്തിയത് ശ്രദ്ധേയമായി. മാലിന്യ നീക്കത്തിന് ആധുനിക റോബോട്ടിക് സംവിധാനത്തിന് 1 കോടിയും, ജൈവ ഖരമാലിന്യ മാനേജ്മെന്റിന് 6 കോടിയും വകയിരുത്തി. തെരുവുനായ നിയന്ത്രണത്തിന് 1 കോടിയുമുണ്ട്.
• ടൂറിസം, സാംസ്കാരികം: പയ്യാമ്പലത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കാൻ 2.5 കോടി രൂപയും തീരദേശ ടൂറിസത്തിന് 2 കോടിയും നീക്കിവെച്ചു. കണ്ണൂർ ദസറയ്ക്ക് 1 കോടി, നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രത്തിന് 10 ലക്ഷം, മേയേഴ്സ് ട്രോഫിക്ക് 11 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
• ക്ഷേമം, തൊഴിൽ, കൃഷി: പട്ടിണിരഹിത നഗരം ലക്ഷ്യമിട്ട് ഇന്ദിര കാന്റീന് 10 ലക്ഷം രൂപ നീക്കിവെച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 3.56 കോടിയും, ഭവന സംരക്ഷണ പദ്ധതിക്ക് 80 ലക്ഷവും, സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോമിന് 85 ലക്ഷവും നൽകും. കാർഷിക മേഖലയിൽ വെർട്ടിക്കൽ ഫാമിംഗിനായി (Vertical Farming) 2.50 കോടി രൂപയും ബജറ്റിലുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

