നാറാത്ത്: കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ. റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. സുധീഷ് ബജറ്റ് അവതരിപ്പിച്ചു.
തരിശുനിലങ്ങളിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവരുമായി ചേർന്ന് സംയോജിത കൃഷി ചെയ്യാനും കാർഷികോത്പാദനം വർധിപ്പിക്കാനും ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ എൽ.പി സ്കൂൾ കുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയാണ് ബജറ്റിലെ മറ്റൊരു പ്രധാന ആകർഷണം. ഈ പദ്ധതി ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡണ്ട് വ്യക്തമാക്കി.
കമ്പിൽ, കണ്ണാടിപ്പറമ്പ്, നാറാത്ത് തുടങ്ങിയ പൊതു ഇടങ്ങളിൽ ശുചിത്വ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ‘ടേക്ക് എ ബ്രേക്ക്’ (Take a Break) വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. കൂടാതെ ആരോഗ്യ സംരക്ഷണത്തിനായി ഓപ്പൺ ജിമ്മുകളും പ്രധാന പദ്ധതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി പഞ്ചായത്തിന്റെ തനതു വരുമാനം വർധിപ്പിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ നിർദേശിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

