മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി നടത്തിയ പത്രസമ്മേളനം
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം. നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ നടപ്പിലാകാത്ത പദ്ധതികളുടെ പേരിൽ കോടി കണക്കിന് രൂപയുടെ അഴിമതിയ്ക്കാണ് വഴിയൊരുങ്ങുന്നത്. ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടരി മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെ നേതൃത്വം കൊടുക്കുകയാണ്.
ചൊർക്കള മുതൽ ചാലോട് വരെയും ടാഗോർ വിദ്യാനികേതൻ മുതൽ സർസയ്യദ് കോളജ് ഭ്രാന്തൻ കുന്ന് വരെയുമുള്ള സുമാർ 25 കി.മീറ്റർ റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനെയും ജുഡീഷ്യൽ ഓഫീസർമാരെയുമാക്കം ഭീഷണിപ്പെടുത്തി കൊണ്ടുള്ള എം.വി. ഗോവിന്ദൻ മാസ്റ്റരുടെ പ്രസംഗം വിവാദമായിരിക്കുകയാണ്. 160 കോടി രൂപ എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്ന പ്രസ്തുത റോഡ് നിർമ്മാണ പ്രവൃത്തി കോടതി ഇടപെടലിലൂടെ തടയപ്പെട്ട സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗത്തിൽ ദുരൂഹതയുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട കോൺട്രാക്ടർക്ക് വർക്ക് അനധികൃതമാർഗത്തിൽ അവാർഡ് ചെയ്യപ്പെട്ടതിനെ മറ്റൊരു കോൺട്രാക്ടർ കോടതിയിൽ ചോദ്യം ചെയ്തതിലുള്ള ഈർഷ്യതയാണ് അതിലൂടെ പ്രകടമാകുന്നത്. അയോഗ്യരായ കോൺട്രാക്ടരെ മുന്നിൽ നിർത്തി അഴിമതിയിലൂടെ പണം സമ്പാദിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയുണ്ടായപ്പോഴാണ് ഈ അസഹിഷ്ണുത പ്രകടമാകുന്നത്.
അതുപോലെ ടെണ്ടർ നടപടികൾ പോലും പൂർത്തിയാകാത്ത പദ്ധതികളുടെ പേരിൽ ശിലാസ്ഥാപനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളും മറ്റൊരു ഭാഗത്ത് നടക്കുകയാണ്.
അഴിക്കോട് സി.എച്ച് സി.യ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന എം.എൽ.എ.യുടെ വാഗ്ദാനത്തിന് 5 വർഷത്തെ പഴക്കമുണ്ട്. ഡയാലിസിസ് സൗകര്യങ്ങളടക്കം വിപുലമായ സംവിധാനങ്ങളുണ്ടാക്കുമെന്നും അതിന് ലക്ഷങ്ങൾ വകയിരുത്തിയിട്ടുണ്ടെന്നുമാണ് പറഞ്ഞിരുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ടും മാസങ്ങളായി. എന്നാൽ അതിന് ശിലാസ്ഥാപനം നിർവ്വഹിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തേണ്ടി വന്നുവെന്നത് അപഹാസ്യമാണ്. എന്നാൽ ഈ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്നതാണ് വിരോധാഭാസം.
ഫെബ്രുവരി 20 ന് ടെണ്ടർ നോട്ടിഫികേഷൻ പ്രസിദ്ധീകരിച്ച ഈ പ്രവൃത്തിക്ക് ടെണ്ടർ സമർപ്പിക്കേണ്ട അവസാനതിയ്യതി ഫെബ്രുവരി 28 ആണ്. മാർച്ച് 2 ന് മാത്രമെ ടെണ്ടർ ഓപ്പൺ ചെയ്യുകയുള്ളൂ. എന്നിരിക്കെ അഴീക്കോട് സി.എച്ച്.സി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഫെബ്രവരി 27ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കുന്നതിൻ്റെ സാംഗത്യമെന്താണ്? ആർക്കാണ് ഈ പ്രവൃത്തിയുടെ ചുമതല ഏല്പിക്കപ്പെട്ടിട്ടുള്ളത്. ഇതിലൊക്കെ അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുകയാണ്.
ഭരണത്തിൽ നിന്നിറങ്ങി പോകുന്ന അവസരത്തിൽ ബിനാമികളെ മുന്നിൽ നിർത്തി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ കൊള്ളയടിക്കുന്നതിനും അഴിമതിപ്പണം കൈക്കലാക്കുന്നതിനുമെതിരെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

