ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാനുള്ള സി.പി.എമ്മിന്റെ തിരക്കഥ; ഗുരുതര ആരോപണങ്ങളുമായി മുസ്ലിം ലീഗ്

Kannadiparamba online news
Screenshot

കണ്ണൂർ: ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സി.പി.എമ്മിന്റെ ഗൂഢലക്ഷ്യമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണ നാടകമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി സഹദുള്ളയും ആരോപിച്ചു.

പോലീസ് പ്രതിരോധ വലയത്തിലാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കെ.എസ്.യു പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റിയതിന് ശേഷവും മന്ത്രി അവരോട് പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നതും, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ മന്ത്രിയെ അനുനയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും മന്ത്രിയെ ആക്രമിച്ചു എന്ന് വരുത്തിത്തീർക്കുന്നത് ജില്ലയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടാനുള്ള സി.പി.എമ്മിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്. പോലീസ് വലയത്തിലുള്ള മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തന്നെ അപമാനമാണെന്നും നേതാക്കൾ പരിഹസിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വെച്ച് ആക്രമിച്ചതിനെ ന്യായീകരിച്ച പിണറായി വിജയൻ, ഇല്ലാത്ത ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

അതേസമയം, പെരിങ്ങോത്ത് വെച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെ മർദ്ദിച്ചത് സി.പി.എം ഗുണ്ടകളാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഇരുപതോളം വരുന്ന അക്രമികൾ ഷജീറിനെ വളഞ്ഞിട്ട് മർദ്ദിക്കുമ്പോൾ പോലീസ് നോക്കിനിൽക്കുകയായിരുന്നു. ഈ അക്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ കയ്യുംകെട്ടി നോക്കിയിരിക്കില്ല. ഷജീർ ഇക്ബാലിനെ ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും, പ്രവർത്തകരുടെ രക്ഷയ്ക്കായി സ്വയം പ്രതിരോധത്തിന് തയ്യാറാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!