കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതികളുടെ രൂപീകരണത്തിനായുള്ള വികസന സെമിനാർ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബബിത കുമാരി ആർ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത വികസന പ്രക്രിയയുടെ പ്രാധാന്യം അവർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് സ്വാഗതം ആശംസിച്ചു. തുടർന്ന്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി വാർഷിക പദ്ധതികളുടെ കരട് രൂപരേഖ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതികളുടെ മെച്ചപ്പെടുത്തൽ, റോഡ് നവീകരണം, ശുചിത്വ പ്രവർത്തനങ്ങൾ, കാർഷിക പുരോഗതി, വനിതാ-യുവജന ശാക്തീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. ഗ്രാമസഭകളിൽ നിന്ന് സമാഹരിച്ച അഭിപ്രായങ്ങളും യോഗത്തിൽ ഏകോപിപ്പിച്ചു.
ഇതിനോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതി 2024–25 പ്രകാരം പ്രവർത്തന മികവിന് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന അവാർഡും നേടിയ കോട്ടിച്ചാൽ അങ്കണവാടിയിലെ വർക്കർ പി. ലീന, ഹെൽപ്പർ സുലേഖ പി. എന്നിവരെ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് എം.പി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് മാസ്റ്റർ, കെ. വിഷിജ, ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്‌കർ കണ്ണാടിപ്പറമ്പ്, വാർഡ് മെമ്പർമാരായ (പഞ്ചായത്തംഗങ്ങൾ) പുരുഷോത്തമൻ എ, കബീർ കണ്ണാടിപ്പറമ്പ്, രജിത്ത് നാറാത്ത്, പവിത്രൻ പി എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി അജിത്കുമാർ എ.ജി നന്ദി രേഖപ്പെടുത്തി.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത സെമിനാർ പങ്കാളിത്ത അടിസ്ഥാനത്തിലുള്ള പദ്ധതി രൂപീകരണത്തിന് കൃത്യമായ ദിശാബോധം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

