ടിപ്പർ ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Kannadiparamba online news
Screenshot

തളിപ്പറമ്പ്: തളിപ്പറമ്പ് തിരുവട്ടൂരിന് സമീപം അരിപ്പാമ്പ്രയിൽ റോഡിൽനിന്ന് ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പൂവ്വം സ്വദേശി പി.വി. അനൂപിനെയാണ് വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പുഴയരികിലെ താഴ്ചയുള്ള ഭാഗത്തേക്ക് വാഹനം പിറകോട്ട് മറിയുകയായിരുന്നു. എന്നാൽ ഒരു മരത്തിൽ തടഞ്ഞുനിന്നതിനാൽ വാഹനം പുഴയിൽ വീഴാതെ വൻ ദുരന്തം ഒഴിവായി. വാഹനത്തിൻ്റെ കാബിനിൽ ഡ്രൈവർ കുടുങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

ക്രൈൻ സ്ഥലത്തെത്തിച്ചതിനൊപ്പം, ന്യൂമാറ്റിക് എയർബാഗ്, വിഞ്ച് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. പരിക്കേറ്റ അനൂപിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, അസി. സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അസി. സ്റ്റേഷൻ ഓഫീസർ ഷെറിൽ ബാബു, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിനോദ് കുമാർ, വിനയ്, ലിഗേഷ്, ധനേഷ്, അനൂപ്, സ്റ്റേഷൻ ഓഫീസർ ജോണി, ഹോം ഗാർഡുമാരായ നാരായണൻ, രാജേന്ദ്രകുമാർ എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!