കണ്ണൂർ:
ശഅ്ബാൻ 30 പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച (ഫെബ്രുവരി 19) വിശുദ്ധ റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുന്നു. വിശ്വാസികളുടെ അകതാരില് ആത്മീയ ഉണർവ് നൽകി, പുണ്യങ്ങളുടെ പൂക്കാലം പടിവാതിലിലെത്തിക്കഴിഞ്ഞു. റമദാൻ സമാഗതമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സജീവമായിരുന്നു. പരമകാരുണ്യവാനോട് മനമുരുകി പ്രാർത്ഥിച്ച്, റമദാനെ വരവേൽക്കാൻ വിശ്വാസികൾ പൂർണ്ണമായും തയ്യാറെടുത്തു. ചന്ദ്രദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും, നിശാനമസ്കാരമായ തറാവീഹ് നമസ്കാരത്തിനും തുടക്കമാകും. തുടർന്നുളള നാളുകൾ നമസ്കാരങ്ങളും ഖുർആൻ പാരായണവുമായി പള്ളികൾ സജീവമാകും.
ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ
വിവിധ മതസംഘടകളുടെ നേതൃത്വത്തിൽ വിപുലമായ റമദാൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
• ഇരിക്കൂറിൽ എസ്.കെ.എസ്.എസ്.എഫ് (SKSSF) സഹചാരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന പ്രഭാഷണം നടക്കും.
• കെ.എൻ.എം (KNM) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ബാങ്ക് റോഡ് സലഫി മസ്ജിദിൽ യാത്രക്കാർക്കായി നോമ്പുതുറ സൗകര്യമൊരുക്കും. കൂടാതെ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഉച്ചയ്ക്ക് 1.15-നു വിജ്ഞാന വേദിയും നടക്കും.
• വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴിലുള്ള പള്ളികളിൽ വൈജ്ഞാനിക പരിപാടികളും, സ്റ്റുഡന്റ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണവും ഖുർആൻ വിജ്ഞാന പരീക്ഷകളും സംഘടിപ്പിക്കും.
വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും, സാമൂഹിക ഒത്തുചേരലിന്റെ സൗഹാർദ്ദകാലം കൂടിയാകും ഈ റമദാൻ.
അതേസമയം, ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് (ബുധനാഴ്ച) റമദാൻ ഒന്നാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

