കേരള സയന്‍സ് പാർക്ക്- ഐ ടി പാര്‍ക്ക് ശിലാസ്ഥാപനം
കണ്ണൂർ: രാജ്യത്ത് വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സയന്‍സ് പാര്‍ക്ക്- ഐ ടി പാര്ക്കിന് അഞ്ചരക്കണ്ടി ചെറിയവളവില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ നാട്ടിലെ ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നാട് നല്കുന്ന പിന്തുണയും ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ – വികസന സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി സംസ്ഥാനം മാറി. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ ശാസ്ത്ര – സാങ്കേതിക മേഖലയിലെ മുന്നേറ്റം തുറന്നുതരുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന സയന്‍സ് പാര്‍ക്കുകളും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഇവിടെ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
600 കോടി രൂപ ചെലവില്‍ 50 ഏക്കറിലാണ് ജില്ലയിൽ ഈ അത്യാധുനിക സജ്ജീകരണങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഒരുങ്ങുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയും കോഴിക്കോട്, കാസര്‍ഗോഡ് മേഖലകളിലെ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഇവിടുത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇവിടെ ജീവശാസ്ത്ര ഗവേഷണ മേഖലയില്‍ ഇന്റേണ്‍ഷിപ്പിനും പ്രോജക്റ്റുകള്‍ക്കും നൈപുണ്യവികസനത്തിനും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.
ഈ അക്കാദമിക്-ഇന്‍ഡസ്ട്രിയല്‍ സഹകരണത്തിലൂടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ വരുംകാലത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബയോ-പ്രോസസ്സിംഗ്, ബയോ-പ്രോസ്പെക്റ്റിംഗ് മേഖലകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരും കമ്പനികളും എത്തിച്ചേരുന്ന ഇടമായി ഈ പാര്‍ക്ക് മാറും. നമ്മുടെ പശ്ചിമഘട്ടം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഈ ജൈവസമ്പത്തിനെ ശാസ്ത്രീയമായും സന്തുലിതമായും ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ഔഷധക്കൂട്ടുകളും ജീവശാസ്ത്ര ഉൽപന്നങ്ങളും ഇവിടെ നിര്‍മ്മിക്കപ്പെടും. ഇതിലൂടെ ആഗോള ജീവശാസ്ത്ര ഗവേഷണ മേഖലയിലെ മുന്‍നിര കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് നാം ലക്ഷ്യമിടുന്നത്.
മുന്‍നിര ഗവേഷണ ലബോറട്ടറികള്‍ നമ്മുടെ സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്നതോടെ, അവരുടെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും നിരവധി അനുബന്ധ കമ്പനികള്‍ സംസ്ഥാനത്തെമ്പാടും വളര്‍ന്നുവരും. നമ്മുടെ ജൈവ ഉത്പന്നങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ നമ്മുടെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ഉതകുന്നതാകും ആ മുന്നേറ്റം.
ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്ര – സാങ്കേതിക രംഗത്തെ പുരോഗതിയാണ് പുതിയ സമ്പദ്വ്യവസ്ഥയെ നയിക്കുന്നത്. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യ പുരോഗതിക്കും സാമൂഹ്യ പരിവര്‍ത്തനത്തിനുമായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുരോഗതികളെ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിനു വേണ്ട മുന്‍കൈയെടുക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
ആ ഉത്തരവാദിത്തത്തെ ഗൗരവമായി കണ്ടുകൊണ്ടാണ് നാല് സയന്‍സ് പാര്‍ക്കുകളും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കുമെന്ന് ഈ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഇതിനോടകം തന്നെ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവയിലൂടെ കമ്പനികള്‍ക്കും സര്‍വകലാശാലകള്‍ക്കും അറിവുകളെയും സാങ്കേതിക വിദ്യകളെയും പരസ്പരം പങ്കുവെക്കാന്‍ കഴിയും. ഗവേഷണത്തിലൂടെ അവയെ നവീകരിക്കാനും സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാനും കഴിയും. ആ നിലയ്ക്ക് ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ അവയെ പ്രാപ്തമാക്കുന്ന ഇടങ്ങളാണ് ഈ പാര്‍ക്കുകള്‍.
വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവ തമ്മില്‍ അതിവിപുലമായ സഹകരണത്തിനുള്ള അവസരം ഒരുക്കിക്കൊണ്ട് വരും വര്‍ഷങ്ങളില്‍ ഈ പാര്‍ക്കുകള്‍ കേരളമെന്ന വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായി സംസ്ഥാനത്തെ മാറ്റുമെന്നാണ് നമ്മള് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഐ ടി മേഖല അതിന്റെ വളര്‍ച്ചയുടെ പ്രാരംഭത്തിലായിരുന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. അന്നും നമ്മള് രാജ്യത്തിനാകെ മാതൃകയായിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദശാബ്ദക്കാലം ടെക്നോപാര്‍ക്കും സംസ്ഥാനത്തെ മറ്റ് ഐ ടി പാര്‍ക്കുകളും രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇവിടേയും ഒരു ഐ ടി ഐ പാര്‍ക്ക് ഒരുങ്ങുന്നത്. കേരളത്തിന് പൊതുവിലും, കണ്ണൂര്‍ ജില്ലയ്ക്ക് വിശേഷിച്ചും നൂതന സാങ്കേതിക രംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഉതകുന്നതാവും ഇവിടെ ഒരുങ്ങുന്ന ഐ ടി പാര്‍ക്ക്.
ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ടു മാത്രമല്ല നമ്മള് കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നത്. ഗവേഷണങ്ങളുടെ വിവര്‍ത്തനത്തിലൂടെയും വിവിധ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായ നവീകരണത്തിലൂടെയും കൂടിയാണ്.
2016 ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും എന്നാണ് പറഞ്ഞത്. ഇതിൽ പലതും യാഥാർഥ്യമായി. ചിലത് യാഥാർഥ്യമായികൊണ്ടിരിക്കുകയാണ്.
ശാസ്ത്ര രംഗത്തെ വികാസത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുക എന്നത്. ഗവേഷണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവയെ നമ്മുടെ സമ്പദ്ഘടനയുമായി വിളക്കിച്ചേര്‍ക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുക കൂടിയാണ്. കൈരളി റിസര്‍ച്ച് പുരസ്കാരങ്ങളും ചീഫ് മിനിസ്റ്റേഴ്സ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളും എല്ലാം അതിന്റെ ഭാഗമാണ്. അതിനൊക്കെയായി പതിനാലര കോടിയിലധികം രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് 200 കോടി രൂപ മുതല്‍മുടക്കില്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ സ്ഥാപിക്കുകയാണ്. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, അക്സിലറേറ്റിങ് അഡോപ്ഷന്‍ ഓഫ് എമേര്‍ജിംഗ് ടെക്നോളജി സൊല്യൂഷന്‍സ് ഇന്‍ ഗവണ്മെന്റ്, ഇന്നോവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസ്സബിലിറ്റി എന്നീ പദ്ധതികള്‍ വഴി നൂതനാശയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിനെ എ ഐ ഹബ്ബ് ആയി മാറ്റുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ടെക്നോ പാര്‍ക്കിന്റെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐ സി ടി അക്കാദമിയുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്ളാണ് വിഭാവനം ചെയ്തുവരുന്നത്.
നൂതന സാമഗ്രികളുടെ വികസനത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ, ഡിജിറ്റല്‍ സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഇന്‍ ഇലക്ട്രോണിക് ടെക്നോളജീസുമായി സഹകരിച്ച്, ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷന് സെന്റര്‍ കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ 14 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്ലസ്റ്ററായി ലൈഫ് സയന്‍സ് പാര്‍ക്ക് മാറിയിട്ടുണ്ട്.
80,827 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അഡ്മിന് ബ്ലോക്ക്, ബയോടെക് ലാബ്, ഓഫീസ്, ലബോറട്ടറി എന്നിവ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര സാങ്കേതികവിദ്യാ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥതയെയാണ് ഇതെല്ലാംതന്നെ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനായി. സയൻസ് -ഐടി പാർക്കുകൾ യാഥാർഥ്യമാകുന്നതോടെ ഗവേഷണ രംഗത്തെ മലബാറിന്റെ മുഖച്ഛായ മാറുമെന്ന് സ്പീക്കർ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ.കെ. സാജു വിശിഷ്ടാതിഥിയായി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ കെ.പി സുധീർ സയൻസ് പാർക്ക് പദ്ധതിയുടെയും കെ ഐ ടി എഫ് ആർ എ പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ സന്തോഷ് ബാബു ഐടി പാർക്കിന്റെയും റിപ്പോർട്ട് അവതരിപ്പിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറിയും കെഎസ്ഐടി ചെയർമാനുമായ സീറാം സാംബശിവറാവു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സീന, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഒ.സി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ദീപു, ഗ്രാമപഞ്ചായത്ത് അംഗം എം.സി ഷംസീറ, മുൻ എം പി കെ കെ രാഗേഷ് എന്നിവർ പങ്കെടുത്തു.
( പടം, വീഡിയോ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

