തലശ്ശേരി: വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച 13-ാമത് വെറ്ററൻ പ്രീമിയർ ലീഗ് (VPL) ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഹെഡ്ജ് ജേതാക്കളായി. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ജെ.കെ’സ് മലബാർ ടൈഗേഴ്സിനെ 12 റൺസിന് പരാജയപ്പെടുത്തിയാണ് ടീം ഹെഡ്ജ് കിരീടം ചൂടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഹെഡ്ജ് നിശ്ചിത 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് അടിച്ചു കൂട്ടി. 35 പന്തിൽ 71 റൺസ് നേടിയ ശേഖർ സൂരജിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മലബാർ ടൈഗേഴ്സിന് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനേ സാധിച്ചുള്ളൂ. കെ.പി. ഹരികൃഷ്ണൻ (69), സോണി ചെറുവത്തൂർ (54) എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയം അകന്നുനിന്നു.
നേരത്തെ നടന്ന സെമിഫൈനലുകളിൽ ട്രാവൻകൂർ പാന്തേഴ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് ടീം ഹെഡ്ജ് ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ കൊച്ചി റോയൽസിനെ 6 വിക്കറ്റിന് തകർത്താണ് മലബാർ ടൈഗേഴ്സ് ഫൈനൽ യോഗ്യത നേടിയത്.
വ്യക്തിഗത പുരസ്കാരങ്ങൾ:
• മാൻ ഓഫ് ദി ഫൈനൽ: റിയാസ് അലി.
• മാൻ ഓഫ് ദി ടൂർണമെന്റ്: ഫിറോസ് വി. റഷീദ്.
• മികച്ച ബാറ്റർ: സി.എം. തേജസ്.
• മികച്ച ബൗളർ: എം.എം. ഫൈസൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

