ചേലേരി: അതിപുരാതനമായ ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഫെബ്രുവരി 17 മുതൽ 20 വരെ (കുംഭം 5 മുതൽ 8 വരെ) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് ശ്രീ വസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവം നടക്കുക.
ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കമാകും. ബ്ലൂ ആർമ്മി അവതരിപ്പിക്കുന്ന ശിങ്കാരിമേളം, വയലിൻ ഫ്യൂഷൻ, സഹസ്രദീപം, ദേവനൃത്തം, ബൊമ്മയാട്ടം, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ ഡി.ജെ.യുടെ അകമ്പടിയോടെ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
18-ന് രാവിലെ ശുദ്ധികലശം, ഗണപതിഹോമം, നാഗദേവത പൂജ എന്നിവയും വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ദേശവാസികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും നാട്യകലാക്ഷേത്രത്തിന്റെ നൃത്ത അരങ്ങേറ്റവും നടക്കും. 19-ന് വൈകുന്നേരം കുട സമർപ്പണം, കൊടിയില തോറ്റം, ഇളങ്കോലം എന്നിവയ്ക്ക് ശേഷം രാത്രി ഗുളികൻ, വിഷ്ണുമൂർത്തി ദൈവങ്ങളുടെ വെള്ളാട്ടം നടക്കും. രാത്രി 10 മണിക്ക് ആളോറ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്നുള്ള തിരുമുൽക്കാഴ്ച വരവുണ്ടാകും.
ഉത്സവത്തിന്റെ പ്രധാന ദിവസമായ ഫെബ്രുവരി 20 വെള്ളിയാഴ്ച പുലർച്ചെ 4.30-ന് ശ്രീ ദൈവത്താർ ഗുളികൻ പുറപ്പാടും 6 മണിക്ക് തായ്പ്പരദേവത തിരുമുടി നിവരലും കെട്ടിയാടലും നടക്കും. 7 മണിക്ക് വിഷ്ണുമൂർത്തി പുറപ്പാടും ഉച്ചയ്ക്ക് 1 മണിക്ക് മഹാപ്രസാദസദ്യയും നടക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി അന്നദാനം ഉണ്ടായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

